കോ​ഴി​ക്കോ​ട്: മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സി​നെ മാ​റ്റി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യെ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെട്ട് ജ​ന​താ​ദ​ൾ-​എ​സ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മാ​ത്യു ടി. ​തോ​മ​സ് തി​ങ്ക​ളാ​ഴ്ച രാ​ജി​വ​യ്ക്കു​മെ​ന്ന് നേതാക്കള്‍ പറഞ്ഞു. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുളള ക​ത്ത് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

മുഖ്യമന്ത്രിയെ കണ്ടാലുടനെ രാജിക്കത്ത് കൈമാറുമെന്നും രാജിക്കത്ത് പോക്കറ്റില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് മാത്യു ടി തോമസ് പറഞ്ഞത്. മന്ത്രി സ്ഥാനത്തു നിന്നും മാറ്റാനുള്ള തീരുമാനം തന്നെ വേദനിപ്പിച്ചെന്നും മാത്യു ടി തോമസ്. തന്നെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റിയത് ഇടതുപക്ഷ രീതിക്ക് യോജിക്കാത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

രാജിവെക്കണമെന്ന നിര്‍ദ്ദേശം ദേശീയ നേതൃത്വത്തില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ സംഘടനാ തീരുമാനം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി. നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചത് പലര്‍ക്കും അനിഷ്ടമുണ്ടാക്കിയെന്നും കുടുംബത്തേയും തന്നേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമുണ്ടായെന്നും മാത്യൂ ടി തോമസ് ആരോപിച്ചു.

അതേസമയം, പാര്‍ട്ടിയോടൊപ്പവും ഇടതുപക്ഷത്തോടുമൊപ്പവും എന്നുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തെ ഘടകക്ഷിയായ ജെഡിഎസിന്റെ മന്ത്രിസ്ഥാനം ഒഴിയാന്‍ മാത്യു ടി തോമസിനോട് ജെഡിഎസ് നിര്‍ദ്ദേശിക്കുകയായിരുന്നു. മന്ത്രിസ്ഥാനം ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിക്ക് നല്‍കാനാണ് നിര്‍ദ്ദേശം. ബെംഗലുരുവില്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയാണ് ഈ കാര്യം പത്രസമ്മേളനത്തില്‍ പറഞ്ഞത്.

മന്ത്രിസ്ഥാനത്തെച്ചൊല്ലി ജെഡിഎസ് കേരള ഘടകത്തിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന നേതാക്കള്‍, ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡയുമായി ചര്‍ച്ച നടത്തി.കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരാണ് ദേവഗൗഡയുമായി ചര്‍ച്ച നടത്തിയത്.

മാത്യു ടി.തോമസിനെ മന്ത്രിസഭയില്‍നിന്ന് മാറ്റി പകരം കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണം എന്ന ആവശ്യം ഉന്നയിച്ചുളള കത്ത് ജെഡിഎസ് ഇടതുമുന്നണിക്ക് നല്‍കും.രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രിയെ മാറ്റാന്‍ ധാരണയുണ്ടായിരുന്നതായി ദേവെഗൗഡ പറഞ്ഞതായി സി.കെ.നാണു അറിയിച്ചു.

എന്നാല്‍ തീരുമാനത്തോട് മാത്യു ടി തോമസിന് അനുകൂല അഭിപ്രായമില്ല. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുമെന്ന ആശങ്കയും ജെഡിഎസിനുണ്ട്. പരസ്യമായി പ്രതിഷേധിക്കരുതെന്നു മാത്യു ടി.തോമസിനോടു നേതൃത്വം അഭ്യര്‍ഥിച്ചു.

മൂന്നു പേരെയും വിളിച്ചുചേര്‍ക്കാന്‍ മൂന്നാഴ്ച മുമ്പും ഗൗഡ ശ്രമിച്ചിരുന്നു. പങ്കെടുക്കാന്‍ തയാറല്ലെന്നു മാത്യു ടി. തോമസ് അന്നും അറിയിച്ചതോടെ ആ ചര്‍ച്ച വിജയിച്ചില്ല. ഇന്നലെയും ഇന്നുമായി നടന്ന ചര്‍ച്ചയിലും മാത്യു ടി തോമസ് പങ്കെടുത്തില്ല.

തനിക്കും കുടുംബത്തിനുമെതിരെ സമീപകാലത്തുണ്ടായ ആരോപണങ്ങള്‍ മന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ളതാണെന്ന പരാതി മാത്യു ടി തോമസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്ന പരാതി മാത്യു ടി തോമസ് പക്ഷത്തിനുണ്ട്. തന്നെ അപമാനിച്ചു പുറത്താക്കാന്‍ ശ്രമിക്കുന്നവരുമായി സന്ധിസംഭാഷണമില്ലെന്ന പ്രതിഷേധത്താലാണു മാത്യു ടി.തോമസ് യോഗത്തില്‍നിന്നു വിട്ടുനിന്നതെന്നാണു സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.