കൊച്ചി: സംസ്ഥാനത്ത് ആറിടങ്ങളിൽ മാലിന്യപ്ലാന്റ് നിർമ്മിക്കാനുളള ശ്രമത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്ന് മന്ത്രി കെ.ടി.ജലീൽ. ഈ വിഷയത്തിൽ സമരം ചെയ്യുന്നവർ വികസന വിരോധികളാണെന്ന് പറഞ്ഞ മന്ത്രി പെരിങ്ങമലയിലെ സമരക്കാർക്ക് ദുഷ്‌ടലാക്കാണെന്നും വിമർശിച്ചു.

മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. മലിനീകരണ പ്ലാന്റ് ഒട്ടും തന്നെ ഭീഷണിയുളളതല്ലെന്ന് മന്ത്രി പറഞ്ഞു. “ജൈവവൈവിധ്യം നോക്കി മാത്രം പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാനാവില്ല. അത്യാധുനിക സംവിധാനങ്ങളോടെയാണ് പ്ലാന്റ് വരുന്നത്. പെരിങ്ങമലയിൽ സമരം ചെയ്യുന്നവർക്ക് ദുഷ്ടലാക്കാണ്. കേരളത്തിൽ ഒരു മാറ്റവും വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇവർ,” മന്ത്രി കെ.ടി.ജലീൽ വിമർശിച്ചു.

തിരുവനന്തപുരത്ത് പെരിങ്ങമലയിൽ ആദിവാസികളടക്കം അണിനിരന്നാണ് സമരം നടക്കുന്നത്. അതേസമയം മലിനജലം പുറത്തേക്ക് ഒഴുകാത്ത, എന്നാൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവുന്ന പ്ലാന്റാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ