കൊല്ലം: കേന്ദ്രസർക്കാരിനു കീഴിലുള്ള ഉന്നത പഠന സ്ഥാപനങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് മന്ത്രി കെ.ടി.ജലീൽ. മദ്രാസ് ഐഐടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫാത്തിമ ലത്തീഫിന്റെ കൊല്ലത്തെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” കേന്ദ്രസർക്കാരിനു കീഴിലുള്ള ഉന്നത പഠന സ്ഥാപനങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കെതിരെ അതിക്രമങ്ങളും വിവേചനവും വർധിക്കുകയാണ്. മുൻപില്ലാത്ത വിധം ഇവിടുത്തെ അധ്യാപകരിൽ ഉറങ്ങിക്കിടന്ന ചില ‘വികാരങ്ങൾ’ ഉണർന്നിട്ടുണ്ട്. അതിന്റെ പ്രതിഫലനങ്ങളാണു പലയിടത്തും ഇപ്പോൾ കാണുന്നത്,” ജലീൽ പറഞ്ഞു.

Also Read: ഫാത്തിമയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് സ്റ്റാലിന്‍

കേന്ദ്ര സർക്കാർ വിഷയം ഗൗരവമായി പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്നാട് സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജലീൽ പറഞ്ഞു.

അതേസമയം ഫാത്തിമ ലത്തീഫിന്റെ പിതാവ് തമിഴ്മാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായെ കണ്ടു പരാതി കൈമാറി.

എംഎ ഹ്യുമാനിറ്റീസ് ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമ ലത്തീഫിനെ ശനിയാഴ്ചയാണ് ഐഐടിയിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ലാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ഫാത്തിമയെന്നാണ് അധ്യാപകര്‍ പറയുന്നത്. അധ്യാപകരുടെ മാനസിക പീഡനം മൂലമാണു പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണു കുടുംബത്തിന്റെ ആരോപണം. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ ഐഐടിയിലെ അധ്യാപകനെതിരെ പരാമര്‍ശമുണ്ടെന്നാണ് പിതാവ് അബദുള്‍ ലത്തീഫ് പറയുന്നത്.

Also Read: ‘രോഹിത് വെമൂല ആവര്‍ത്തിക്കുന്നു’; ഫാത്തിമയുടെ മരണത്തില്‍ മാര്‍കണ്ഡേയ കട്ജു

എന്നാൽ തങ്ങളുടെ ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ ക്യാമ്പസിലെ വിദ്യാർത്ഥികളും അധ്യാപകരും അങ്ങേയറ്റം ദുഃഖിതരാണെന്ന് ഐഐടി മദ്രാസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫാത്തിമയുടെ മരണത്തെക്കുറിച്ച് അറിഞ്ഞ ഉടൻ പൊലീസിനെ ഇക്കാര്യം അറിയിച്ചെന്നും ഐഐടി മദ്രാസ് വ്യക്തമാക്കി. നിയമപ്രകാരം ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്നും വാർത്താക്കുറിപ്പിൽ ഐഐടി മദ്രാസ് മാനേജ്മെന്‍റ് അറിയിച്ചു.

Also Read: ഫാത്തിമ ലത്തീഫിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

അതേസമയം, ഫാത്തിമ ലത്തീഫിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട് 11 പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. മൂന്ന് അധ്യാപകരെയും ചോദ്യം ചെയ്തിട്ടുണ്ട്. അഡീഷണല്‍ കമ്മിഷ്ണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചതായി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.