തിരുവനന്തപുരം: സംസ്ഥാനം നേരിട്ട മഹാപ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കലോത്സവം മാറ്റിവച്ച സര്‍ക്കാര്‍ തീരുമാനത്തെ വിശദീകരിച്ച് മന്ത്രി കെ.ടി.ജലീൽ രംഗത്ത്. സംസ്ഥാനം ഒരു ദുരന്തം നേരിട്ടപ്പോൾ മാനുഷിക പരിഗണന കണക്കിലെടുത്താണ് കലോത്സവം ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിതലത്തിൽ കൂടിയാലോചന നടത്തിയില്ലെന്ന് മന്ത്രി എ.കെ.ബാലൻ നടത്തിയ വിമർശനത്തിന് പിന്നാലെയാണ് വിശദീകരണം.

ഇതോടെ മന്ത്രിമാർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് വ്യക്തമായി. കലോത്സവം റദ്ദാക്കിക്കൊണ്ടുളള ഉത്തരവ് പുറത്തിറക്കിയത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. ഒരു വർഷത്തേക്ക് സർക്കാരിന്റെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍, സംസ്കാരിക വകുപ്പിന് കീഴിലുള്ള ചലച്ചിത്രമേള കൂടിയാലോചന ഇല്ലാതെ റദ്ദ് ചെയ്തതിലാണ് വകുപ്പ് മന്ത്രി എ.കെ.ബാലന്‍ അതൃപ്തി അറിയിച്ചത്. വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി, ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

കലോത്സവം റദ്ദാക്കുമെന്ന വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നപ്പോൾ ഇക്കാര്യം പൊതുവിദ്യാഭ്യാസ ഡയറക്ടർ നിഷേധിച്ചിരുന്നു. ആഘോഷങ്ങൾ ഒഴിവാക്കി കലോത്സവം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഉച്ചയോടെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കിക്കൊണ്ട് വിജ്ഞാപനം ഇറങ്ങി.

ആഘോഷങ്ങളില്ലാതെ കലോത്സവം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിദ്യാഭ്യാസവകുപ്പ് വിശദീകരണമിറക്കിയെങ്കിലും ഉച്ചയോടെ എല്ലാ ആഘോഷങ്ങളും പരിപാടികളും റദ്ദാക്കി കൊണ്ട് ഉത്തരവിറങ്ങി. കേരള സ്കൂള്‍ കലോത്സവം, സർവ്വകലാശാല കലോത്സവം, ചലച്ചിത്ര മേള തുടങ്ങി എല്ലാ പരിപാടികളും റദ്ദാക്കിയവയുടെ കൂട്ടത്തിലുണ്ട്. ഈ പരിപാടികള്‍ക്കായി മാറ്റി വച്ച തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് തീരുമാനം. എന്നാൽ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് എസ്എഫ്ഐയും കെഎസ്‌യുവും ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.