കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യുന്നത് പൂർത്തിയായി. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് ശേഷം രാവിലെ എത്തിയ സ്വകാര്യ വാഹനത്തിൽ തന്നെയാണ് എൻഐഎ ഓഫീസിൽ നിന്ന് പുറത്തേക്കിറങ്ങിയത്.

എന്നാൽ വീണ്ടും നാടകീയ രംഗങ്ങളാണ് മടക്കയാത്രയിലും അരങ്ങേറിയത്. മാധ്യമങ്ങളുടെ ശ്രദ്ധതിരിക്കാൻ രാവിലെ എത്തിയ അതേ സ്വകാര്യ വാഹനത്തിൽ എൻഐഎ ഓഫീസിൽ നിന്ന് കയറിയ ജലീൽ എന്നാൽ ഇടയ്ക്ക് വച്ച് മറ്റൊരു വാഹനത്തിലേക്ക് മാറി. ഗസ്റ്റ് ഹൗസിലേക്ക് എത്തിയ എഎം യൂസഫിന്റെ വാഹനത്തിൽ അദ്ദേഹമുണ്ടായിരുന്നില്ല. മന്ത്രി എത്തുമെന്ന് അറിയിച്ച് വലിയ പൊലീസ് സന്നാഹമാണ് ഗസ്റ്റ് ഹൗസിലടക്കം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ എൻഐഎ ഓഫീസിന്റെ മൂന്ന് കവാടങ്ങളിലും നിലയുറപ്പിച്ചിരുന്ന മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.

കൊച്ചി കടവന്ത്രയിലെ എൻഐഎ ഓഫീസിലാണ് ജലീലിനെ ചോദ്യം ചെയ്തത്. പുലർച്ചെ ആറോടെ ചോദ്യം ചെയ്യലിനായി ജലീൽ കൊച്ചിയിലെത്തിയത്. ആലുവ മുൻ എംഎൽഎയും സിപിഎം നേതാവുമായ എ.എം.യൂസഫിന്റെ വാഹനത്തിലാണ് ജലീൽ ചോദ്യം ചെയ്യലിനായി എൻഐഎ ഓഫീസിൽ എത്തിയത്. ബുധനാഴ്‌ച രാത്രി 1.30 യോടെയാണ് ജലീൽ വാഹനം ആവശ്യപ്പെട്ടതെന്ന് യൂസഫ് പറയുന്നു. കളമശേരി റസ്റ്റ് ഹൗസിലേക്ക് പുലർച്ചയോടെ വാഹനം എത്തിക്കാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. എൻഐഎ ഓഫീസിലേക്ക് പോകാനാണെന്ന് മന്ത്രി അറിയിച്ചിരുന്നതായും യൂസഫ് പറയുന്നു.

Read Also: കുഞ്ഞൂഞ്ഞ് @50, ചരിത്രമെഴുതി ഉമ്മൻചാണ്ടി; ആശംസകളുമായി രാഷ്ട്രീയ കേരളം

അതേസമയം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം കനത്ത പ്രതിഷേധം. പലയിടങ്ങളിലും പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. പാലക്കാട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാർജിൽ വി.ടി.ബൽറാം എംഎൽഎയ്‌ക്ക് പരുക്കേറ്റു.

നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും ജലീലിനെ ചോദ്യം ചെയ്‌തിരുന്നു. യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ വിതരണം ചെയ്‌തതിൽ എന്തെങ്കിലും ക്രമക്കേട് ഉണ്ടോ, സ്വർണക്കടത്ത് കേസുമായി ഇതിനു എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ജലീലിനോട് ചോദിച്ചറിയുന്നത്. ജലീൽ എൻഫോഴ്‌സ്‌മെന്റിനു നൽകിയ മൊഴി എൻഐഎ നേരത്തെ പരിശോധിച്ചിരുന്നു. ഇഡി ഓഫീസിലെത്തിയാണ് എൻഐഎ ഉദ്യോഗസ്ഥർ മൊഴി പരിശോധിച്ചത്. അതിനു പിന്നാലെയാണ് മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സാക്ഷിയെന്ന നിലയിൽ മൊഴി രേഖപ്പെടുത്താനാണ് ജലീലിനെ എൻഐഎ ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

Read Also: ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല; ഇപ്പോഴത്തേത് നാടിന്റെ സുരക്ഷ ഇല്ലാതാക്കുന്ന സമരാഭാസമെന്നും മുഖ്യമന്ത്രി

ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് അടക്കം പ്രതിഷേധം ശക്തമാണ്. സെക്രട്ടറിയേറ്റിലേക്ക് വിവിധ യുവജന സംഘടനകൾ മാര്‍ച്ച് നടത്തി. കൊച്ചിയിലെ എൻഐഎ ഓഫീസിൽ വൻ പൊലീസ് സന്നാഹമുണ്ട്. മന്ത്രിയെ  എന്‍.ഐ.എ. ഓഫീലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. എന്‍ഐഎ ഓഫീസിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചിരിക്കുകയാണ്.

കൊല്ലത്തും കോട്ടയത്തും കെ.എസ്.യു. മാര്‍ച്ച് അക്രമാസക്തമായി. ഇരുസ്ഥലങ്ങളിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട് നടന്ന പ്രതിഷേധത്തിൽ വി.ടി.ബൽറാം എംഎൽഎയ്‌ക്ക് പരുക്കേറ്റു. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

കോട്ടയം എസ്‌പി ഓഫീലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചും ലാത്തി ഉപയോഗിച്ചും പൊലീസ് നേരിട്ടു.

യുഎഇ കോൺസുലേറ്റിൽ നിന്നും ലഭിച്ച ഖുറാൻ വിതരണം ചെയ്തത് സാംസ്‌കാരികവും മതപരവുമായ കൈമാറ്റമായി മാത്രം കണ്ടാൽ മതിയെന്നാണ് ജലീൽ നേരത്തെ നൽകിയ വിശദീകരണം. “യുഎഇ കോൺസുലേറ്റിൽ നിന്നും ലഭിച്ച ഖുറാനും റംസാൻ കിറ്റും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും അവരിൽ നിന്ന് ഞാനെന്തെങ്കിലും സമ്മാനമോ പൈസയോ വാങ്ങിയോ എന്നുമായിരുന്നു ഇഡിക്ക് അറിയേണ്ടിയിരുന്നത്. ഞാൻ യുഎഇ കോൺസുലേറ്റിൽ നിന്ന് ഒന്നു സ്വീകരിച്ചിട്ടില്ല. റംസാൻ കിറ്റ് വിതരണത്തിൽ ഒരു പണമിടപാടും ഇല്ലായിരുന്നു. എന്റെ കൈകൾ ശുദ്ധമാണ്,” ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം ജലീൽ പറഞ്ഞതായി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.