തിരുവനന്തപുരം: പ്രശസ്ത നടിക്കുനേരെ ഇന്നലെ ഉണ്ടായ ആക്രമണം കേരളത്തിന്റെ സംസ്കാരത്തിന് നിരക്കാത്തതാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആരോഗ്യ, സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജ ആവശ്യപ്പെട്ടു. മറ്റു പ്രതികളെക്കൂടി ഉടൻ അറസ്റ്റ് ചെയ്യുകയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും വേണം. ഇത്തരം കാര്യങ്ങളിൽ കർശന നടപടി എടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം സ്വാഗതാർഹമാണ്. സ്ത്രീകൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ ഗൗരവൂർവ്വം കാണാനും വേഗത്തിൽ ഇടപെടാനും പൊലീസുദ്യോഗസ്ഥർക്കു കഴിയണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പൊലീസ് പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തൃശൂരിൽനിന്നു ഷൂട്ടിങ് കഴിഞ്ഞു കൊച്ചിയിലേക്കു വരുന്നതിനിടെ ഇന്നലെ രാത്രിയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്. അങ്കമാലി അത്താണിക്കു സമീപത്തുവച്ച് നടിയുടെ കാറിൽ അതിക്രമിച്ചു കയറിയ സംഘം അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ