കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സ്ത്രീകള്‍ എന്തോ അശുദ്ധി ഉള്ളവരാണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പിണറായി മന്ത്രിസഭയിലെ രണ്ട് വനിതകളില്‍ ഒരാളായ കെ.കെ.ശൈലജ പറഞ്ഞു. സ്ത്രീകള്‍ മല കയറുന്നതില്‍ അയ്യപ്പന് കോപമൊന്നും ഉണ്ടാകില്ല. ഏതെങ്കിലും സ്ത്രീക്ക് അയ്യപ്പനെ കാണാന്‍ അദമ്യമായ ആഗ്രഹം ഉണ്ടെങ്കില്‍ അവരെ തടയരുത്. അവര്‍ മനസമാധനത്തോടെ പോയി തൊഴുത് തിരിച്ചുവരട്ടെ. എന്തിനാണ് അവരെ തടയുന്നത് എന്ന് കെ.കെ.ശൈലജ ചോദിച്ചു. ‘വനിത’ മാസികയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കെ.കെ.ശൈലജയുടെ പ്രതികരണം. ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു മന്ത്രി.

Read Also: ‘ശബരിമലയില്‍ ഓര്‍ഡിനന്‍സോ?’; കടമ്പകള്‍ ഏറെയുണ്ടെന്ന് ബിജെപി

എന്നാല്‍, ശബരിമലയില്‍ അവകാശം സ്ഥാപിക്കാനായി ഇടിച്ചുതള്ളി മലയിലേക്ക് പോകുന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കെ.കെ.ശൈലജ പറയുന്നുണ്ട്. അവകാശം സ്ഥാപിക്കാനായി ഇടിച്ചുതള്ളി പോകുന്നത് സംഘര്‍ഷം ഉണ്ടാക്കാനേ ഉപകരിക്കൂ. ഭരണഘടനാപരമായി അവകാശം ഉണ്ടായിരിക്കാം. പക്ഷേ, അതിന്റെ പേരില്‍ ചാടിപ്പുറപ്പെടണോ എന്ന് ശൈലജ ചോദിച്ചു. അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമല. അങ്ങനെ പോകേണ്ടവര്‍ക്ക് എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമല അതിനുള്ള ഇടമല്ല എന്നും മന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

Read Also: ശബരിമല യുവതീ പ്രവേശനം; എന്‍.കെ.പ്രേമചന്ദ്രന്റെ ബില്‍ ചര്‍ച്ചയ്‌ക്കെടുത്തില്ല

“അയ്യപ്പനെ മാത്രമല്ല, ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹമുള്ള ക്രിസ്ത്യാനിയെയും അതിന് അനുവദിക്കണമെന്നാണ് എന്റെ നിലപാട്. യേശുദാസിന്റെ പാട്ട് കേൾക്കാം, അദ്ദേഹത്തിന് ദേവനെ കാണാൻ അനുവാദമില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ…’’ – കെ.കെ.ശൈലജ ചോദിക്കുന്നു. ജൂലൈ ആദ്യ ലക്കം ‘വനിത’യിലാണ് മന്ത്രി കെ.കെ.ശൈലജയുടെ അഭിമുഖം.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ശബരിമല വിഷയത്തിൽ നിലപാട് മയപ്പെടുത്തി സിപിഎമ്മിലെ ഏതാനും നേതാക്കൾ രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് കെ.കെ.ശൈലജ ശബരിമല യുവതീ പ്രവേശന വിഷയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിൽ സിപിഎം എടുത്ത നിലപാട് ശരിയാണെന്നും എന്നാൽ അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു എന്നുമായിരുന്നു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സിപിഎം വിലയിരുത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.