തിരുവനന്തപുരം : ലാത്വിയ സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കുന്നതിന് എതിരെ രംഗത്ത് വന്നവര്‍ മൃതദേഹത്തെ വരെ അപമാനിക്കുന്ന മനുഷത്വം ഇല്ലാത്തവരാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ വച്ച് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ മൃതദേഹം സംസ്കരിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരിവിട്ടിരുന്നു. എന്നാൽ ഉത്തരവുമായി പരാതിക്കാർ എത്തുമ്പോഴേയ്ക്കും തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ കഴിഞ്ഞിരുന്നു.
“ദഹിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാകുമെന്നും ക്രൈസ്തവവിശ്വസികൾ ശരീരം ദഹിപ്പിക്കാറില്ലെന്നും” കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളുടെ ഭാഗം കേൾക്കാതെയെയാണ് കമ്മീഷൻ ഉത്തരവിട്ടതെന്നും ഏകപക്ഷീയമായ ഉത്തരവെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ ഒരു ഉത്തരവ് ഇറക്കാൻ കമ്മീഷന് എന്ത് അധികാരമാണ് ഉളളതെന്നും അദ്ദേഹം ചോദിച്ചു.
ലാത്വിയ സ്വദേശിനിയുടെ ഭര്‍ത്താവിന്റെയും സഹോദരിയുടെയും ആഗ്രഹം കണക്കിലെടുത്താണ് മൃതദേഹം ശാന്തികവാടത്തില്‍ അവരുടെ മതാചാര പ്രകാരമുള്ള ചടങ്ങുകളോടെ സംസ്കരിച്ചത്. ഇതിനെതിരെ ബി.ജെ.പി ഉന്നയിക്കുന്ന വര്‍ഗ്ഗീയ ദുഷ്ടലാക്ക് എല്ലാവര്ക്കും മനസിലാകും. എന്നാല്‍ ബി.ജെ.പിയുടെ ആവശ്യപ്രകാരം ഏകപക്ഷീയമായി ഉത്തരവ് ഇറക്കുന്ന മനുഷ്യാവകാശ കമ്മീഷന് മനുഷ്യാവകാശം സംരക്ഷിക്കുകയല്ല, ലംഘിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്തീയ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ലെന്നും മറവ് ചെയ്യണമെന്നും ഉത്തരവിറക്കാന്‍ കമ്മീഷന് എന്താണ് അധികാരമെന്ന് മനസ്സിലാകുന്നില്ല. മൃതദേഹം ദഹിപ്പിക്കുന്നത് ക്രിസ്തീയ ആചാര പ്രകാരം അനുവദനീയമാണെന്ന് ആദരണീയനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അംഗീകാരത്തോടെ വത്തിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് പോലും അറിയാതെയാണോ കമ്മീഷന് മത കാര്യങ്ങളുടെ അപ്പോസ്തലനാകുന്നത്. ‘അഡ് റസൂര്‍ജീണ്ടം കം ക്രിസ്തോ’ എന്ന വത്തിക്കാന്‍ നിര്‍ദേശത്തെ കുറിച്ച് യാതൊരു വിവരവുമില്ലാത്തവര്‍ മാത്രമേ ക്രിസ്തീയ ആചാര പ്രകാരം മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ലെന്ന് പറയുകയുള്ളു.
ഇതിനേക്കാള്‍ ഗൗരവതരമാണ് മരിച്ച ലാത്വിയ സ്വദേശിനിയുടെ ബന്ധുക്കളുടെ അഭിപ്രായം പോലും ചോദിക്കാതെ എടുത്ത് ചാടി ഉത്തരവ് ഇറക്കിയ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ലാത്വിയ സ്വദേശിനിയുടെ കുടുംബത്തിന്റെയാകെ ആവശ്യപ്രകാരം അവരുടെ മതാചാരങ്ങള്‍ പാലിച്ച് വൈദിക സാന്നിധ്യത്തിലാണ് മൃതദേഹം സംസ്കരിച്ചതെന്ന് മനസിലാക്കാന്‍ ഉള്ള വിവേകം കമ്മീഷന് ഉണ്ടാകണം. മനുഷ്യത്വമില്ലാത്ത ബി.ജെ.പിയെ പോലെ മനുഷ്യാവകാശ ലംഘകരാകരുത് മനുഷ്യാവകാശ കമ്മീഷനെന്ന് മന്ത്രി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ എഴുതി.
കടകംപളളി സുരേന്ദ്രന്റെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇവിടെ വായിക്കാം