തിരുവനന്തപുരം: ശബരിമലയില്‍ ഇന്ന് നടന്നത് വന്‍ കലാപ നീക്കമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വലിയ കലാപ നീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് താന്‍ ഇടപെട്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍.

‘വലിയ കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞതോടെയാണ് ഞാന്‍ ഇടപെട്ടത്. ശബരിമലയില്‍ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണം’ എന്ന് കടകംപള്ളി സുരന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ആക്ടിവിസ്റ്റായ യുവതികള്‍ പമ്പയില്‍ നിന്നും നടപന്തലില്‍ എത്തുന്നത് വരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ചില അന്തര്‍ധാരകളുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ പതിനെട്ടാംപടി ചവിട്ടുന്നതോടെ സംഘര്‍ഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കവുമുണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിലുണ്ടാക്കി മുതലെടുക്കാന്‍ നോക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകയായ കവിതയും സാമൂഹ്യ പ്രവര്‍ത്തകയായ രഹ്ന ഫാത്തിമയുമാണ് ഇന്ന് രാവിലെ ശബരിമലയിലെത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും തിരിച്ചിറങ്ങുകയായിരുന്നു. നടപ്പന്തല്‍ വരെ എത്തിയതിന് ശേഷമാണ് ഇരുവരും തിരിച്ചിറങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ