ശബരിമല: ഹര്‍ത്താല്‍ നടത്തി സാധാരണക്കാരേയും അയ്യപ്പഭക്തന്മാരേയും ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ ദ്രോഹിക്കുകയാണെന്ന് ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍. ‘സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങളില്‍ കഴിഞ്ഞ ആറാഴ്ച്ചക്കാലമായി നിഷ്കളങ്കരായ മനുഷ്യര്‍ പെട്ടു പോയിട്ടുണ്ട്. ജനങ്ങളേയും ഭക്തരേയും ഒന്നടങ്കം ബുദ്ധിമുട്ടിചാണ്  വൃശ്ചികം ഒന്നിന് ബിജെപി ഹര്‍ത്താല്‍ നടത്തിയത്. ഇന്ന് കുടിവെളളം പോലും കിട്ടാതെ തീര്‍ത്ഥാടകര്‍ വലഞ്ഞു. പലയിടത്തും അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടയുകയാണ്. കടകളും നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയാണ്. ശബരിമലയെ തകര്‍ക്കാന്‍ ആരാണ് കരുക്കള്‍ നീക്കുന്നതെന്ന് ഈ സന്ദര്‍ഭത്തില്‍ നമുക്ക് മനസ്സിലാക്കാം,’ കടകംപളളി പറഞ്ഞു.

‘ശശികലയെ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞാണ് ഹര്‍ത്താല്‍. നാട് മുഴുവന്‍ വിഷം ചീറ്റുന്നവരാണ് അവര്‍. ചിലര്‍ക്ക് അവരുടെ വിഷം ചീറ്റല്‍ ഇഷ്ടമാണ്. നമ്മുടെ നാടിന്റെ സംസ്കാരത്തിന് നിരക്കാത്തതാണ് അവരുടെ പ്രവൃത്തിയും വാക്കും. ഒരു മതേതര ആരാധനാ കേന്ദ്രമായി ലോകത്തെങ്ങും അറിയപ്പെടുന്ന ശബരിമലയില്‍ ഫണം വിടര്‍ത്തി ആടി കലാപം നടത്താന്‍ നേതൃത്വം നല്‍കാനാണ് ശശികല ശ്രമിക്കുന്നത്. അവര്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയ ലാഭത്തിന് വേണ്ടി ശബരിമലയില്‍ നിരന്തരം സന്ദര്‍ശിച്ച് കലാപത്തിന് ശ്രമിക്കുന്നു. വിശ്വാസത്തിന്റെ പേരിലാണോ അവര്‍ ശബരിമല സന്ദര്‍ശിക്കുന്നത്. ഗുരുസ്വാമികള്‍ പോലും മാസത്തില്‍ 4 തവണ ശബരിമലയില്‍ ദര്‍ശനത്തിന് പോവാറില്ല,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘അവിടെ ക്യാംപ് ചെയ്ത് വര്‍ഗീയത മറയാക്കി ചോരക്കളമാക്കാനാണ് ബിജെപിയും സംഘപരിവാറും ഹിന്ദുമുന്നണിയും ശശികലയും ചെയ്യുന്നത്. മടങ്ങിപ്പോവാന്‍ അവരോട് പൊലീസ് നിരന്തരം അഭ്യര്‍ത്ഥിച്ചു. പക്ഷെ അവര്‍ പിന്മാറിയില്ല. അപ്പോള്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടപടി എടുത്തു. അതിന് വേണ്ടി ലക്ഷക്കണക്കിന് വരുന്ന സാധാരണ മനുഷ്യരേയും അയ്യപ്പ ഭക്തന്മാരേയും കുടിവെളളം പോലും മുട്ടിച്ച് ബുദ്ധിമുട്ടിക്കുകയാണ്. പ്രത്യേക വിഭാഗത്തില്‍ പെട്ടവരെ ലക്ഷ്യമിട്ട് ഇവര്‍ ആക്രമണം നടത്തുന്നുണ്ട്,’ കടകംപളളി ആരോപിച്ചു.

‘എന്തൊരു പാര്‍ട്ടിയാണ് ഈ ബിജെപി. ജനങ്ങളോടല്ലേ ഒരു പാര്‍ട്ടിക്ക് പ്രതിബദ്ധത വേണ്ടത്. ഹര്‍ത്താല്‍ അര്‍ദ്ധരാത്രിക്ക് ശേഷം പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങളും തീര്‍ത്ഥാടകരും ബുദ്ധിമുട്ടിലാവില്ലേ എന്ന് ചിന്തിക്കണ്ടെ. ഞാന്‍ ഒരു പാര്‍ട്ടിക്കാരനായത് കൊണ്ട് എനിക്ക് അറിയാം. ഞങ്ങള്‍ അങ്ങനെ ചിന്തിക്കാറുണ്ട്. കഴിഞ്ഞ ദിവസം വിമാനത്താവളത്തിലും ഇവരുടെ നാടകം കണ്ടു. തൃപ്തി ദേശായി മാത്രമല്ല വിമാനത്താവളത്തില്‍ വന്നത്. മറ്റ് യാത്രക്കാരുടെ കൂടെ സഞ്ചാര സ്വാതന്ത്ര്യമാണ് ബിജെപിയും സംഘപരിവാറും ഇല്ലാതാക്കിയത്. ആ പദ്ധതി പൊളിഞ്ഞപ്പോഴാണ് ശശികലയെ അര്‍ദ്ധരാത്രി ഇറക്കി ‘പ്ലാന്‍ ബി’ കളിച്ചത്,’ കടകംപളളി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ