തിരുവനന്തപുരം: മലയാള സിനിമയിലെ താരങ്ങൾ തെലുങ്ക് നടൻ പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായ പ്രകടനം നടത്തിയെന്നു പറഞ്ഞ് രൂക്ഷമായ ആരോപണങ്ങളാണ് മന്ത്രിയ്ക്കെതിരെ ഉയരുന്നത്.

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് വേണ്ടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് പ്രഭാസ് നൽകിയതെന്നും പിന്നെ എന്തിനാണ് ഒരു കോടി രൂപ പ്രഭാസ് നല്‍കിയെന്ന വാസ്തവ വിരുദ്ധമായ വാർത്ത മന്ത്രി പറഞ്ഞത്? എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ആരോപണങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ, അന്ന് എന്താണ് സംഭവിച്ചതെന്ന് വിശദമാക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ് സെക്രട്ടറിയായ മഹേഷ് ചന്ദ്രൻ.

“പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച ‘കെയര്‍ കേരള’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണ് തെലുങ്കു താരം സംഭാവന നൽകിയ കാര്യത്തെ കുറിച്ച് മന്ത്രി സംസാരിച്ചത്. ‘ദുരിതത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ഒട്ടും അമാന്തിക്കാതെ കേരളത്തിൽ നേരിട്ടെത്തി ഒരു കോടി രൂപ മുഖ്യമന്ത്രിയ്ക്ക് കൈമാറിയ’ തെലുങ്കു നടൻ എന്നാണ് മന്ത്രി പറഞ്ഞത്. ആ നടൻ പ്രഭാസ് അല്ല, ചെന്നൈ സ്വദേശിയും തെലുങ്ക്- തമിഴ് നടനുമായ ലോറൻസ് രാഘവനാണ്. മന്ത്രിസഭാ യോഗം നടന്ന ഒരു ദിവസമാണ് നടൻ ലോറൻസ് തിരുവനന്തപുരത്ത് നേരിട്ടെത്തി ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കൈമാറിയത്. മന്ത്രിയ്ക്ക് ഇദ്ദേഹത്തെ അറിയുമായിരുന്നില്ല. ഒരു തെലുങ്കു സിനിമാ നടനാണെന്നു മാത്രമേ അദ്ദേഹത്തിന് അറിയുമായിരുന്നുള്ളൂ.

താരത്തിന്റെ പേര് അറിയാത്തതുകൊണ്ട് തന്നെ, പ്രസംഗത്തിനിടയിലും അദ്ദേഹം നടന്റെ പേര് പ്രത്യേകം പരാമർശിച്ചിട്ടില്ല. ഒരിടത്തും പ്രഭാസിന്റെ പേര് മന്ത്രി എടുത്തു പറഞ്ഞിട്ടില്ല. വീഡിയോ പരിശോധിച്ചാൽ ആർക്കും അതു മനസ്സിലാക്കാവുന്നതേയുള്ളൂ. മന്ത്രി സംസാരിച്ചപ്പോൾ അവിടെ കൂടിയിരുന്നവരാണ് ‘പ്രഭാസ് പ്രഭാസ് ‘ എന്നു വിളിച്ചു പറഞ്ഞത്. അനാവശ്യമായ ആരോപണങ്ങളാണ് ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്നത്,”- മഹേഷ് ചന്ദ്രൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ