തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ സമരത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴിഞ്ഞ ദിവസം നടന്ന പണിമുടക്ക് അന്യായമാണെന്നും സമരത്തിനിടെ മരിച്ച സുരേന്ദ്രന്റെ കുടുംബത്തിനു സർക്കാർ സഹായം നൽകുമെന്നും കടകംപള്ളി പറഞ്ഞു. പണിമുടക്കിനിടെ കുഴഞ്ഞുവീണു മരിച്ച സുരേന്ദ്രന്റെ വീട് മന്ത്രി സന്ദർശിച്ചു. ഭാര്യ പ്രമീളയെയും കുടുംബാംഗങ്ങളേയും മന്ത്രി ആശ്വസിപ്പിച്ചു. കുടുംബത്തിനുവേണ്ട എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രിയോടും ഗതാഗതമന്ത്രിയോടും ഇക്കാര്യം സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
“മിന്നൽ പണിമുടക്ക് നടത്തിയവർ മര്യാദ കേടാണ് കാട്ടിയത്. അന്യായമാണ് ഇന്നലെ തലസ്ഥാനത്ത് നടന്നത്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് കെഎസ്ആർടിസി ഇന്നലെ നടത്തിയത്. ഒരു തരത്തിലും ഇതിനെ ന്യായീകരിക്കാൻ സാധിക്കില്ല. സമരത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്‌തിരിക്കുന്നത്. ജനങ്ങളുടെ നികുതി പണമെടുത്താണ് കെഎസ്ആർടിസിക്ക് തീറ്റ കൊടുക്കുന്നത്. അങ്ങനെയുള്ള അവർ എന്ത് സാമൂഹ്യപ്രതിബദ്ധതയാണ് ഇന്നലെ കാണിച്ചത്? ഒരു തരത്തിലും അതിനെ ന്യായീകരിക്കാൻ പറ്റില്ല.” കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Read Also: അത്തരം റോളുകളുമായി ആരും ഇതുവരെ എന്നെ സമീപിച്ചിട്ടില്ല: നസ്രിയ
തലസ്ഥാനനഗരിയിൽ ബുധനാഴ്ച നടന്ന കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടയിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ജില്ലാ കലക്ടർ ഇന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് റിപ്പോർട്ട് നൽകും. മരിച്ച സുരേന്ദ്രന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുരേന്ദ്രന് ബസ് സ്റ്റാൻഡിൽവച്ചു തന്നെ പ്രാഥമിക ചികിത്സ നൽകിയിരുന്നു. അതിനുശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. നടുറോഡില്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ നിരവധി പേര്‍ ചേര്‍ന്ന് ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തിൽ കെഎസ്‌ആർടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ തന്നെ കേസെടുത്തിരുന്നു.