തിരുവനന്തപുരം: വനിതാ മതിലിനായി ക്ഷേമ പെൻഷനുകളിൽ നിന്ന് നിർബന്ധിത പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിവാദം ശൃഷ്ടിച്ച് വനിതാ മതിലിന്റെ ശോഭ കെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കുന്നു. മതിലിനായി പണപ്പിരിവ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ക്ഷേമ പെൻഷനിൽ നിന്നും പിരിവെടുത്തതിൽ പരാതിയില്ലെന്ന് വയോധികർ പറയുന്ന വീഡിയോ പാലക്കാട് സിപിഎം ജില്ലാ നേതൃത്വം പുറത്തു വിട്ടിരുന്നു. പാലക്കാട് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരിയാണെന്നും കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
പാലക്കാട് ജില്ലയിൽ ക്ഷേമപെൻഷനിൽ നിന്ന് വനിതാ മതിലിനായി പണം പിരിച്ചതായി ആരോപണം ഉയർന്നിരുന്നു. പെൻഷൻ നൽകുന്നതിനൊപ്പം വനിതാ മതിലിന്റെ രസീതുകൾ നൽകിയാണ് പിരിവ് നടത്തിയതെന്ന വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിരിവിൽ പരാതിയില്ലെന്ന് വയോധികർ പറയുന്ന വീഡിയോ പാർട്ടി പുറത്തു വിട്ടത്.
ഈ വിഷയം അന്വേഷിക്കാൻ സർക്കാർ സഹകരണ വകുപ്പ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയിരുന്നു. ഇത്തരം പണപ്പിരിവിനെതിലെ നടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.