തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി കെ.ടി.ജലീല്‍. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കെ.ടി.ജലീല്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും പരസ്യം നല്‍കിയാണ് ആളെ ക്ഷണിച്ചതെന്നും, യോഗ്യതയില്‍ ഇളവുനല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പറഞ്ഞു.

ബാങ്കിങ് രംഗത്ത് ബി-ടെക് ബിരുദധാരികള്‍ സര്‍വ്വസാധാരണമാണ്. അപേക്ഷ ക്ഷണിച്ച സമയത്ത് ഏഴുപേര്‍ മാത്രമാണ് അപേക്ഷിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്നുപേരും നിശ്ചിത യോഗ്യത ഇല്ലാത്തവരായതിനാല്‍ ഇവരെ നിയമിക്കാന്‍ സാധിച്ചില്ലെന്നും കെ.ടി.ജലീല്‍ പറഞ്ഞു.

2016ല്‍ നടന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ യോഗ്യത ഉള്ളവര്‍ ഇല്ലാതിരുന്നതിനാല്‍ 2018ല്‍ ബന്ധുവിനെ ക്ഷണിച്ചു വരുത്തി ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കുകയായിരുന്നു എന്ന വാദം മന്ത്രി പത്രസമ്മേളനത്തിലും ആവര്‍ത്തിക്കുയായിരുന്നു. കുറ്റസമ്മതമായി ഇതിനെ കാണേണ്ടിവരും.

തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും അഴിമതി നടത്തി എന്ന് തോന്നുന്നുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും ജലീല്‍ പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയ ലീഗ് നേതാക്കളെ പിടിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ജലീല്‍ പറഞ്ഞു. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. കടക്കാരെ അന്വേഷിച്ച് ചെല്ലുമ്പോള്‍ എത്തുന്നത് മുസ്‌ലിം ലീഗിന്റെ നേതാക്കളുടെ വീട്ടുപടിക്കലാണെന്നും ജലീല്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.