/indian-express-malayalam/media/media_files/uploads/2023/08/Salim-Radhakrishnan.jpg)
Photo: Facebook/ Salim Kumar/ K Radhakrishnan
തിരുവനന്തപുരം: ദേവസ്വം വരുമാനത്തെ മിത്ത് മണിയെന്ന് വിളിക്കണമെന്ന ചലച്ചിത്ര താരം സലിം കുമാറിന്റെ പരിഹാസത്തോട് പ്രതികരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. "ദേവസ്വം ബോര്‍ഡ് വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ല. മിത്ത് മണി എന്ന പരാമര്‍ശത്തോട് യോജിപ്പില്ല. ഭക്തര്‍ നല്‍കുന്ന സംഭാവനയെ കളിയാക്കേണ്ടതില്ല," മന്ത്രി വ്യക്തമാക്കി.
"ഭക്തരുടെ സംഭാവനയും വഴിപാടുമാണ് ദേവസ്വത്തിന്റെ വരുമാനം. ഇതില്‍ നിന്ന് സര്‍ക്കാര്‍ ഒന്നും എടുക്കുന്നില്ല. എന്നാല്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പണം ചിലവിടുന്നുണ്ട്. കോവിട് കാലത്ത് ക്ഷേത്രങ്ങള്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു," മന്ത്രി ഓര്‍മ്മപ്പെടുത്തി.
"എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളും വിശ്വാസികളെ മാനിക്കുകയും സഹായിക്കുകയുമാണ് ചെയ്തിട്ടുള്ളത്. വിശ്വാസത്തെ തകര്‍ക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ സര്‍ക്കാരിന് ആഗ്രഹമില്ല. മിത്തില്‍ ശാസ്ത്രമുണ്ടോയെന്ന് പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്തമല്ല," മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് വിവാദം കത്തി നില്‍ക്കെയായിരുന്നു ഫെയ്സ്ബുക്കിലൂടെയുള്ള സലിം കുമാറിന്റെ പരിഹാസം ഉണ്ടായത്. മന്ത്രി രാധാകൃഷ്ണന്റെ ചിത്രം ഉള്‍പ്പടെ ചേര്‍ത്തുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.
"മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണസിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം. ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്," സലിം കുമാര്‍ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.