പാലക്കാട്. ഇരട്ടക്കൊലപാതകത്തിന് പിന്നാലെ സമാധാനം പുനഃസ്ഥാപിക്കാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ നിന്ന് വിട്ടു നിന്ന ബിജെപിയുടെ നടപടിയെ വിമര്‍ശിച്ച് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. “ബിജെപി പ്രതിനിധികള്‍ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചാണ് വന്നതുതന്നെ. സമൂഹത്തിന്റെ പൊതു അഭിപ്രായം യോഗം ചര്‍ച്ച ചെയ്തു,” മന്ത്രി വ്യക്തമാക്കി.
“തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ ഇനിയുണ്ടാകും. പൊലീസിന്റെ ഇടപെടലുണ്ടാകും. ജനങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന ഭീതി ഒഴിവാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കും,” മന്ത്രി കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് പേർ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവരെന്നാണ് വിവരം. ഇവരെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിൽ ഉള്ളവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പാലക്കാട് കൊലപാതകങ്ങളിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. സുബൈർ വധക്കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്നും എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്നും എഡിജിപി പറഞ്ഞു. ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനിവാസൻ വധക്കേസിലും ആറ് പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി. പ്രതികൾ എല്ലാവരും തന്നെ ആർ.എസ്.എസ് – ബിജെപി, എസ്.ഡി.പി.ഐ – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നും എഡിജിപി പറഞ്ഞു. എല്ലാ പ്രതികളും ഒളിവിലാണ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നും എഡിജിപി കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു ശ്രീനിവാസന് നേരെ ആക്രമണമുണ്ടായത്. ശ്രീനിവാസന്റെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ എത്തിയായിരുന്നു ആറംഗ സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. കൈകള്‍ക്കും കാലിനും തലയ്ക്കും വെട്ടേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്കാരം കഴിഞ്ഞ് മടങ്ങവെയാണ് സുബൈറിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പിതാവ് അബുബക്കറിന്റെ മുന്നിലിട്ടായിരുന്നു സുബൈറിനെ കൊലപ്പെടുത്തിയത്. ഇരുകൊലപാതകങ്ങളുടേയും പശ്ചാത്തലത്തില്‍ ഏപ്രില്‍ 20 വൈകിട്ട് ആറു വരെ പാലക്കാട് നിരോധനാജ്ഞയാണ്.
Also Read: പാലക്കാട് സുബൈർ വധക്കേസ്: മൂന്ന് പേർ പിടിയിൽ