തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. കിഴക്കൻ യൂറോപ്യൻ രാജ്യമായ മോൾഡോവയിലെ ദേശീയ മെഡിക്കൽ സർവകലാശാല മന്ത്രിയ്ക്ക് വിസിറ്റിങ് പ്രൊഫസർ പദവി നൽകി ആദരിച്ചു. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു മന്ത്രിക്ക് ഈ ബഹുമതി ലഭിക്കുന്നത്.
നിപ പ്രതിരോധം ഉള്‍പ്പെടെ ലോകത്താകമാനം ആരോഗ്യ മേഖലയില്‍ മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ച്ചവച്ചത്തിനുള്ള ബഹുമാന സൂചകമായിട്ടാണ് ബഹുമതി നല്‍കിയതെന്ന് യൂണിവേഴ്സിറ്റി അറിയിച്ചതായി മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. നിക്കോളൈ ടെസ്റ്റിമിറ്റാനു സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഫാർമസി എന്നറിയപ്പെടുന്ന സർവകലാശാലയിൽ പൊതുജനാരോഗ്യ, സാമൂഹിക വിഷയങ്ങളിൽ കെ.കെ ശൈലജയ്ക്ക് ആജീവനാന്തം ക്ലാസെടുക്കാം.
കേരളത്തിന്റെ ആരോഗ്യരംഗത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണ് ഈ ബഹുമതിയെന്ന് മന്ത്രി പറഞ്ഞു. നവംബറിൽ മോൾഡോവ സന്ദർശിച്ചപ്പോൾ നിപ പ്രതിരോധത്തിലും പ്രളയാനന്തര പകർച്ചവ്യാധികൾ നേരിടുന്നതിലും കേരളത്തിന്റെ ആരോഗ്യമേഖല സ്വീകരിച്ച നടപടികളെക്കുറിച്ച് സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥികൾക്കായി മന്ത്രി പ്രഭാഷണം നടത്തിയിരുന്നു. ചാൻസലർ ഡോ. എമിൽ സെബാൻ, സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
120 വർഷത്തിലേറെ പാരമ്പര്യമുള്ള സർവകലാശാല 1945-ലാണ് മോസ്കോയിൽനിന്ന് മോൾഡോവയിലേക്ക് മാറ്റിയത്. 36 രാജ്യങ്ങളിൽനിന്നുള്ള 6200 വിദ്യാർഥികൾ അവിടെ പഠിക്കുന്നുണ്ട്. വേള്‍ഡ് ഫെഡറേഷന് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ പൂര്‍ണ അംഗീകാരമുള്ള യൂറോപ്പിലെ ആദ്യ സര്‍വകലാശാല കൂടിയാണിത്.