ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ മല്ലപ്പള്ളി ഭാഗത്തേക്ക് തിരിയുന്ന സിഗ്നലില്‍ വച്ച് ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. സ്വകാര്യ ബസില്‍ ഇടിക്കാതിരിക്കാനായി കാര്‍ വെട്ടിച്ചപ്പോള്‍ സമീപത്തുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.
മഴ പെയ്തത് മൂലം റോഡില്‍ വെള്ളമുണ്ടയിരുന്നെന്നും മന്ത്രിയുടെ വാഹനം തെന്നിയാണ് മതിലില്‍ ഇടിച്ചതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. റോഡിന് സൈഡിലായി കാറുകള്‍ പാര്‍ക്ക് ചെയ്തിരുന്നതായും ഒപ്പം ബസുകൂടി എത്തിയതോടെയാണ് അപകടത്തിലേക്ക് നീങ്ങിയതെന്നുമാണ് ലഭിക്കുന്ന വിവരം. മന്ത്രിയുടെ വാഹനം അമിതവേഗതയില്‍ ആയിരുന്നെന്നും ആരോപണം ഉയര്‍ന്നു.
മന്ത്രിയുടെ കാറിന്റെ മുന്‍വശത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ഉടന്‍ തന്നെ മന്ത്രി ചിഞ്ചുറാണിയെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്ന് ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു മന്ത്രി. പയലറ്റ് വാഹനമില്ലാതെയായിരുന്നു മന്ത്രിയുടെ യാത്ര.