ആലപ്പുഴ: തെറ്റ് ചെയ്യുന്നത് ഐപിഎസുകാരാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. വരാപ്പുഴ കേസിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ‘മാപ്പര്‍ഹിക്കാത്ത തെറ്റ് ഐപിഎസുകാര് ചെയ്താലും പുറത്തേക്കാണ് വഴി. ഇവരെ സിവില്‍ സര്‍വീസില്‍ തുടരാന്‍ സമ്മതിക്കില്ല. പ്രതികള്‍ക്കെതിരെ നടപടി എടുക്കാന്‍ അല്ലാതെ അവരെ കൈകാര്യം ചെയ്യാന്‍ പൊലീസിന് അധികാരം ഇല്ല’, മന്ത്രി പറഞ്ഞു.

സിവിൽ പോലീസ് ഓഫീസറായിരിക്കെ മരിച്ച ജോസഫിന്‍റെ കുടുംബ സഹായനിധി കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി. കേസിൽ അറസ്റ്റ് ചെയ്യുന്നവരെ തൊടാനോ തല്ലാനോയുള്ള അധികാരം പോലീസിനില്ലെന്നും വരാപ്പുഴയിൽ അത് ലംഘിക്കപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ നിലപാടിന് വിരുദ്ധമായാണ് അവർ പ്രവർത്തിച്ചതെന്നു പറഞ്ഞ മന്ത്രി സർക്കാർ സർവീസിൽ കയറിയാൽ ആയുഷ്‌ക്കാലം മുഴുവൻ തുടരാമെന്ന് ആരും കരുതേണ്ടെന്നും കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ