ആലപ്പുഴ: കവിതകളിലൂടെയും രസകരമായ പ്രസംഗങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന മന്ത്രിയാണ് ജി.സുധാകരന്. സ്വതസിദ്ധമായ ശൈലിയില്‍ വാക്കുകള്‍ പ്രയോഗിക്കുകയും പല കാര്യങ്ങളും മടി കൂടാതെ തുറന്നുപറയുകയും ചെയ്യുന്ന പ്രവണതയും ജി.സുധാകരനുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും മന്ത്രി വിവാദങ്ങളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ താന്‍ ചെറുപ്പത്തില്‍ നടത്തിയ ഒരു മോഷണത്തെ കുറിച്ച് തുറന്നുപറയുകയാണ് മന്ത്രി ജി.സുധാകരന്. ആലപ്പുഴ ജില്ലാ ജയിലിൽ സംഘടിപ്പിച്ച ക്ഷേമദിനാഘോഷ ചടങ്ങിലാണ് മന്ത്രി മോഷണക്കഥ പറഞ്ഞത്.
സ്കൂളിൽ പഠിക്കുന്ന സമയത്താണ് താൻ മോഷണം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ഒരു വാഴക്കുലയാണ് മോഷ്ടിച്ചതെന്നും, സ്വന്തം വല്ല്യമ്മാവന്റെ പറമ്പില്‍ നിന്നു തന്നെയാണ് മോഷണം നടത്തിയതെന്നും മന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു. “ഞങ്ങളുടെ വീട്ടില്‍ ഏത്തക്കുലയില്ല. അമ്മാവന്റെ പറമ്പില്‍ ധാരാളം ഏത്തക്കുലയുണ്ട്. വെളുപ്പിന് മൂന്നിന് ഒരു ഏത്തക്കുല വെട്ടി. എന്നിട്ട് വീട്ടില്‍ കൊണ്ടുവച്ചു. അതിന്റെ തണ്ടൊക്കെ മണ്ണില്‍ കുഴിച്ചിട്ടു. സിബിഐ ഒന്നും അന്വേഷിച്ചുവന്നില്ല. ഏത്തക്കുല പഴുപ്പിച്ചും പുഴുങ്ങിയും ഒരാഴ്ചയോളം വീട്ടിലുള്ളവരെല്ലാം കഴിച്ചു. ഈ സമയമൊക്കെയും വല്യമ്മാവന് ഏത്തക്കുല അന്വേഷിച്ച് നടക്കുന്നുണ്ടായിരുന്നു” മന്ത്രി ജി.സുധാകരന് പ്രസംഗത്തിനിടെ പറഞ്ഞു.
ചെറിയ തെറ്റ് ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതേസമയം, ഉന്നതർ എത്ര വലിയ തെറ്റ് ചെയ്താലും രക്ഷപ്പെടുന്ന സാഹചര്യം ഇപ്പോഴും ഉണ്ട്. അത് മാറണം. ഏതിനൊക്കെ എഫ്ഐആര്‍ ഇടണം, ഏതിനൊക്കെ വേണ്ട എന്ന് പൊലീസ് സ്വയം മനസിലാക്കണമെന്നും മന്ത്രി ജി.സുധാകരന് പറഞ്ഞു.