തിരുവനന്തപുരം: കീഴാറ്റൂരിലെ സമരക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. പരിഹാരം പറയേണ്ടത് സമരക്കാരാണ് . അവര്‍ക്ക് അതിനാകുന്നില്ല. സമരക്കാര്‍ കോണ്‍ഗ്രസുകാരാണെന്നും മന്ത്രി ആരോപിച്ചു. കേന്ദ്രനേതൃത്വത്തോട് ചോദിച്ചിട്ടാണോ ബി.ജെ.പിക്കാര്‍ സമരത്തിനിറങ്ങിയത് എന്നും അദ്ദേഹം ചോദിച്ചു. വയല്‍ക്കിളികളെ പിന്തുണച്ച് കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍ സമയം കളയരുതെന്നും മന്ത്രി പറഞ്ഞു.
വയല്‍ക്കിളികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ലെന്നും സമരം നടത്തുന്നവര്‍ക്ക് ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാന്‍ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. ദേശീയപാത നിര്‍മിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. കേന്ദ്രസര്‍ക്കാരാണ് പാത നിര്‍മിക്കുന്നത്. ഏറ്റവും പ്രയാസം കുറഞ്ഞ അലൈന്‍മെന്റാണെന്നാണ് അവര്‍ പറയുന്നത്. അതാണ് ഇപ്പോഴത്തെ നിലപാട്. അത് മാറ്റിപ്പറയുകയാണെങ്കില്‍ അപ്പോള്‍ നിലപാടറിയിക്കാമെന്നും മന്ത്രി പറഞ്ഞു.
കീഴാറ്റൂരില്‍ സമരം ചെയതോട്ടെ. അക്കാര്യത്തില്‍ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമൊന്നുമില്ല. സമരത്തേക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോടല്ല കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് അഭിപ്രായം ചോദിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്‍മെന്റ്, അത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് വലിയ ഭേദഗതികളില്ലാതെ ഞങ്ങളും അംഗീകരിച്ചുവെന്നേയുള്ളുവെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങളാണ് ഇന്ന് കീഴാറ്റൂരിലേക്ക് എത്തിയത്. ട്രെയിനിലും ബസിലും മറ്റുമായി കേരളത്തിന്റെ വിവിധി ഭാഗങ്ങളില്‍ നിന്നുമെത്തിയ രണ്ടായിരത്തിലധികം വരുന്ന ആളുകളാണ് കീഴാറ്റൂരിലേക്ക് മാര്‍ച്ച് ചെയ്തത്.