തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പുറത്തിറക്കിയ അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് എതിരെ പരോക്ഷ വിമർശനവുമായി മന്ത്രി ജി.സുധാകരൻ. ഉദ്യോഗസ്ഥർ ഔദ്യോഗിക ജീവിതത്തിലെ വിവരങ്ങൾ പണത്തിന് വേണ്ടി വെളിപ്പെടുന്നത് ശരിയല്ല എന്നും അച്ചടക്കം എല്ലാ ഐ.പി. എസ് ഓഫീസർമാർക്കും ബാധകമാണെന്നും ജി.സുധാകരൻ ഒരു പൊതു ചടങ്ങിനിടെ പറഞ്ഞു. ഐപിഎസുകാർ പബ്ലിസിറ്റിയ്ക്ക് പുറകെ പോകാതെ ജോലി ചെയ്ത് കഴിവ് തെളിയിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.

സർവ്വീസിലിരിക്കെ ജേക്കബ് തോമസ് പുറത്തിറക്കിയ വമ്പൻ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആത്മകഥ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സർവ്വീസിൽ ഇരിക്കെ ചട്ടങ്ങൾ പാലിക്കാതെയാണ് പുസ്തകം തയ്യാറാക്കിയത് എന്ന് കണ്ടെത്തിയതോടെ ഔദ്യോഗിക പുസ്തക പ്രകാശനം ഉപേക്ഷിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്നു പുസ്തക പ്രകാശനം നടത്താൻ നിശ്ചയിച്ചിരുന്ന വ്യക്തി. പക്ഷെ നിയമകുരുക്ക് മുന്നിൽ കണ്ട് മുഖ്യമന്ത്രി ഈ ചടങ്ങിൽ നിന്ന് പിന്മാറുകയായിരിന്നു.

മദനിയുടെ അറസ്റ്റുമുതൽ ബാര്‍കോഴയും പാറ്റൂരും അടക്കമുള്ള വിവാദങ്ങളും സ്രാവുകൾക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 31 വർഷത്തെ സർവ്വീസ് ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് ഡിജിപി ജേക്കബ് തോമസിന്രെ ആത്മകഥയിൽ വിവരിക്കുന്നത്. സപ്ലൈക്കോയിൽ സിഎംഡിയായിരുന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് പുസ്തത്തിൽ പ്രധാനമായും വിവരിക്കുന്നത്. സപ്ലൈകോയിലെ അഴിമതി ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ തന്നെ സ്ഥലം മാറ്റുകയാണ് ഭക്ഷ്യമന്ത്രിയായിരുന്ന സി. ദിവാകരൻ ശ്രമിച്ചത്. സപ്ലൈകോ അഴിമതിയിൽ സിബിഐ ഉദ്യോഗസ്ഥരും ആരോപണവിധേയരും ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ