/indian-express-malayalam/media/media_files/uploads/2019/05/sudhakaran-g-sudhakaran.1549387609-006.jpg)
ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി ജി.സുധാകരന്‍. പൂതനകള്‍ക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് ജി.സുധാകരന്‍ പറഞ്ഞത്.
പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് യുഡിഎഫ്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പു ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ ഉപവാസ സമരം നടത്തും. രാവിലെ 11 ന് ഉപവരണാധികാരിയായ പട്ടണക്കാട് ബിഡിഒയുടെ ഓഫീസിനു മുന്നിലാണ് പ്രതിഷേധം.
നേരത്തെ, പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ രംഗത്ത് എത്തിയിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞു സര്‍ക്കാര്‍ ചെലവില്‍ വനിതാ മതില്‍ സംഘടിപ്പിച്ച മന്ത്രിസഭയിലെ അംഗമായ ജി.സുധാകരന്റെ 'പൂതന' പ്രയോഗം സിപിഎമ്മിന്റെ അധമ രാഷ്ട്രീയത്തിന്റെ വികൃതമായ പ്രതിഫലനമാണെന്നായിരുന്നു സുധീരന്റെ പ്രതികരണം.
തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. കഴിഞ്ഞ തവണ 38000 വോട്ടിന് തോറ്റപ്പോഴും സി.ആര്‍ ജയപ്രകാശ് കള്ളം പറഞ്ഞ് വോട്ട് ചോദിച്ചിരുന്നില്ല. ഇത്തവണ എറണാകുളത്ത് നിന്ന് കുറച്ച് സുഹൃത്തുക്കളെ കൊണ്ടുവന്ന് കള്ള പ്രചാരണം നടത്തുകയാണ്. വീണ്ടും അരൂരില്‍ ഒരു ഇടതു എംഎല്‍എയാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
ഡിവൈഎഫ്‌ഐ നേതാവായ മനു സി.പുളിക്കല്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അരൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാമണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ ഏക സിറ്റിംഗ് സീറ്റാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.