തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കാന്‍ ആകില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. പദ്ധതികള്‍ വരണമെങ്കില്‍ കണ്‍സള്‍ട്ടന്‍സികളെ പരിഗണിക്കണമെന്നും യുഡിഎഫ് കാലത്തും അനവധി കണ്‍സള്‍ട്ടന്‍സികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ അനവധി കരാറുകളില്‍ കണ്‍സള്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുന്ന പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ വിലക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എന്നാല്‍ അവരുടെ കരാറുകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Read Also: കോവിഡ് മഹാമാരിക്കിടയിലും സ്വര്‍ണ വില കൂടുന്നതെന്ത് കൊണ്ട്? വില എത്ര വരെയെത്തും?
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വികസനത്തെ തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷം കോവിഡ് വ്യാപനത്തിനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷം നടത്തിയ സമരങ്ങളില്‍ അവരുമായി മല്‍പിടുത്തം നടത്തിയിട്ടാണ് പൊലീസിന് കോവിഡ് പകര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ എന്ത് സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ജനപിന്തുണയില്‍ പ്രതിപക്ഷം അസംതൃപ്തരാണെന്നും എല്‍ഡിഎഫിന്റെ വര്‍ദ്ധിച്ച ബഹുജന സ്വാധീനത്തില്‍ യുഡിഎഫ് അസഹിഷ്ണുത പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതോടെ മധ്യകേരളത്തില്‍ യുഡിഎഫിന്റെ അടിത്തറയിളകിയെന്നും അവര്‍ക്ക് രാഷ്ട്രീയ പ്രതിസന്ധിയുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
തുടര്‍ ഭരണം എല്‍ഡിഎഫിന് ലഭിക്കുമെന്ന് വ്യക്തമായപ്പോഴാണ് സ്വര്‍ണക്കടത്ത് നിധി പോലെ വീണു കിട്ടിയതെന്നും മന്ത്രി പറഞ്ഞു. കള്ളക്കടത്തില്‍ ബന്ധമുള്ളത് ബിജെപിക്കാണെന്നും പാര്‍ട്ടിയിലെ പ്രമുഖരുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
പക്ഷേ, വസ്തുതകളെ തെറ്റായി വ്യഖ്യാനിച്ച് യുഡിഎഫും ബിജെപിയും ഇടതുമുന്നണിയെ ആക്രമിക്കുന്നു. ഇരുമുന്നണികളും ഇടതു മുന്നണിക്കെതിരെ ഒരുമിച്ച് നില്‍ക്കുന്നു.