കണ്ണൂർ: മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര കോവിഡ് ചട്ടം ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്നുവെന്ന് ആരോപണം. കോവിഡ് പരിശോധനയ്ക്കായി സാമ്പിൾ നൽകിയ ശേഷമാണ് ഇന്ദിര ബാങ്കിലെത്തിയത്.

ഇവർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചതിനാൽ ബാങ്കിലെ മൂന്നു ജീവനക്കാർ ക്വാറന്റൈനിൽ പോയി. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്തെത്തി.

ലൈഫ് മിഷൻ ഇടപാടിൽ മന്ത്രി ഇപി ജയരാജന്‍റെ മകന് പങ്കെന്ന ആരോപണവുമായി കഴിഞ്ഞദിവസം ബിജെപി രംഗത്തെത്തിയിരുന്നു. ഒരു കോടി രൂപ കമ്മീഷൻ ജയരാജന്‍റെ മകൻ കൈപ്പറ്റിയെന്നാണ് വാർത്തയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ആരോപിച്ചത്. വാർത്താ സമ്മേളനത്തിലായിരുന്നു ബിജെപി നേതാവിന്‍റെ ആരോപണം.

Read More: ‘മുഖ്യമന്ത്രി എവിടെ? കാനം കാശിക്കു പോയോ?’; അന്തസുണ്ടെങ്കിൽ രാജിവയ്ക്കണമെന്ന് ചെന്നിത്തല

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയിൽ കവിഞ്ഞുള്ള കമ്മീഷൻ ജയരാജന്‍റെ മകന്‍റെ കയ്യിലേക്ക് പോയതായാണ് വാർത്തകൾ വരുന്നത്. ഇതിന്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു.

സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കിട്ടിയ പണത്തിൽ ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിലെ കമ്മീഷനെന്നായിരുന്നു എന്നാണ് കണ്ടെത്തൽ. യു എ ഇയിലെ സന്നദ്ധ സംഘടനായ റെഡ് ക്രസന്റ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 20 കോടി രൂപയാണ് കേരളത്തിനായി മുടക്കിയത്. ലൈഫ് മിഷൻ പദ്ധതി വഴി വടക്കാഞ്ചേരിയിൽ ഫ്ലാറ്റുകൾ നി‍ർമിക്കുന്നതിനാണ് യൂണിടെകിന് കരാർ കിട്ടിയത്. നിർമാണ കരാ‍ർ കിട്ടാൻ 4 കോടിയോളം രൂപ കമ്മീഷൻ നൽകിയതായി കണ്ടെത്തിയിരുന്നു. ഈ ഇടപാടിന് ചുക്കാൻ പിടിച്ചത് മന്ത്രിയുടെ മകനാണെന്ന സൂചനകളെത്തുടർന്നാണ് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നത്. മന്ത്രി പുത്രന്‍റെ ദുബായ് യാത്രകളും അന്വേഷിക്കുന്നുണ്ട്.

സ്വപ്ന സുരേഷും ജയരാജന്റെ മകനും ഒരുമിച്ചുളള ചിത്രങ്ങളും അന്വേഷണ സംഘങ്ങൾക്ക് കിട്ടിയിട്ടുണ്ട്. തനിക്ക് കിട്ടിയ ഒരു കോടി കൂടാതെ കോൺസൽ ജനറൽ അടക്കമുളള മറ്റ് ചിലർക്കും കമ്മീഷൻ കിട്ടിയതായി സ്വപ്ന സുരേഷ് തന്നെ കേന്ദ്ര ഏജൻകളോട് പറഞ്ഞിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് വിവരശേഖരണം.

ലൈഫ് മിഷനിലെ കമ്മീഷൻ സംബന്ധിച്ച് കെട്ടിട നിർമാതാക്കളായ യൂണിടെക് ഉടമകളെ വീണ്ടും ചോദ്യം ചെയ്യാനും കേന്ദ്ര ഏജൻസികൾ തീരുമാനിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.