തിരുവനന്തപുരം:  ആലപ്പാട് സമരം കത്തിനിൽക്കുന്നതിനിടെ പ്രദേശത്തെ തകർത്തത് കരിമണൽ ഖനനമല്ല സുനാമിയാണെന്ന വാദവുമായി മന്ത്രി ഇ.പി.ജയരാജൻ. ആലപ്പാട് സമരത്തിന് പിന്നിലുളളവർ മലപ്പുറത്ത് നിന്നുളളവരാണെന്നും മന്ത്രി പറഞ്ഞു.

കരിമണൽ ഖനനം നിയമപരമായി നടക്കുന്നതാണെന്നും അത് നിർത്തിവയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. ഖനനം നിയമപരമാണെന്ന് ചൂണ്ടിക്കാട്ടി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്‌സ് (ഐആർഇ) സർക്കാരിന് റിപ്പോർട്ട് നൽകി. ഖനനവുമായി ബന്ധപ്പെട്ട് കെഎംഎംഎൽ മാനേജിങ് ഡയറക്ടർ അന്വേഷണം നടത്തിയെന്നും മന്ത്രി പറഞ്ഞു.

കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായത് ഈയടുത്താണ്. ജനുവരി 16 ന് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരായ ഇ.പി.ജയരാജൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കൊല്ലം കലക്ടർ എസ്.കാർത്തികേയൻ എന്നിവരും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സമരസമിതിയുടെ പ്രതിനിധികളെ ക്ഷണിച്ചിട്ടില്ല.

കരിമണൽ ഖനനം നിർത്തിവയ്ക്കണം എന്ന ആവശ്യത്തിലാണ് സമരസമിതി. ഖനനം നിർത്തിവയ്ക്കാതെ സർക്കാരുമായി ചർച്ചയ്ക്കില്ലെന്നും ഇവർ നിലപാടെടുത്തു. ഖനനത്തിന് ആലപ്പാട്ടെ ജനങ്ങൾ ഇതുവരെ നല്ല സഹകരണമാണ് നൽകിയിരുന്നതെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്.

കരിമണൽ കളളക്കടത്ത് തടയാൻ നടപടിയെടുക്കുമെന്ന് മന്ത്രി ഇപി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. നിയമവിരുദ്ധ ഖനനം അനുവദിക്കാനാവില്ലെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും പറഞ്ഞു. സമരക്കാരുമായി ചർച്ചയ്ക്ക് വ്യവസായ വകുപ്പ് നടപടിയെടുക്കുമെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.