തിരുവനന്തപുരം: പി.ടി. ഉഷയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. പി.ടി ഉഷ വന്ന വഴിമറന്ന് പോയത് കഷ്ടമാണെന്ന് ജി. സുധാകരൻ വിമർശിച്ചു. കൗമാരതാരമായ പി.യു ചിത്രയെ ലോകചാമ്പ്യൻഷിപ്പിൽ നിന്ന് ഒഴിവാക്കിയതിന് ഉഷ തന്റെ തെറ്റ് ഏറ്റ് പറഞ്ഞ് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു
പി.യു. ചിത്രയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ പൂര്‍ണ പിന്തുണ ചിത്രയ്‌ക്കാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയ ശേഷമാണ് ഇന്ത്യന്‍ ടീമില്‍ നിന്നും ചിത്രയെ തഴഞ്ഞത്. ഇതിനെതിരെ ചിത്ര ഹൈക്കോടതിയെ സമീപിക്കുകയും ചിത്രയ്‌ക്ക് അനുകൂല വിധി ലഭിക്കുകയും ചെയ്തു. എന്നിട്ടും വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാട് ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ സ്വീകരിക്കുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
കായികപ്രേമികളും കേരളവും നല്‍കിയ പിന്തുണയ്‌ക്ക് ചിത്ര നന്ദി പറഞ്ഞു. അത്‍ലറ്റിക് മീറ്റിനുള്ള കായികതാരങ്ങളുടെ തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്നും ചിത്രയ്‌ക്ക് സംഭവിച്ചതു പോലെ മറ്റൊരു കായികതാരത്തിനും സംഭവിക്കരുതെന്നും ചിത്രയുടെ പരിശീലകന്‍ സിജിന്‍ പറഞ്ഞു.