കൊച്ചി: മേരി പ്യാരി ഭായിയോം ഓര്‍ ബഹനോം…മലയാളം പഠിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഭായിമാരോട് സംസാരിച്ചു തുടങ്ങിയത് ഹിന്ദിയില്‍. പിന്നീട് ഇതിന്റെ മലയാള പരിഭാഷ ഭായിമാരെക്കൊണ്ട് പറയിക്കാനും പഠിപ്പിക്കാനുമായി മന്ത്രിയുടെ ശ്രമം. മികച്ച അധ്യാപകന്‍ കൂടിയായ മന്ത്രിയുടെ വാക്കുകള്‍ വളരെ പ്രയാസപ്പെട്ട് ഭായിമാര്‍ ഏറ്റു പറയാന്‍ ശ്രമിച്ചു. മലയാള ഭാഷ പഠിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്നും ഏവരും നന്നായി പഠിക്കണമെന്നും മന്ത്രി ഭായിമാരോട് പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരത പരിപാടി ”ചങ്ങാതി’യുടെ ഭാഗമായുള്ള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലയാളം പഠിപ്പിക്കുന്നതിനുള്ള ഹമാരി മലയാളം സാക്ഷരത പാഠപുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. അസമില്‍ നിന്നുള്ള ദീപും ബിന്ധ്യയും മന്ത്രിയില്‍ നിന്ന് പുസ്തകമേറ്റു വാങ്ങി.

മലയാളം പഠിക്കാനായി സര്‍ക്കാര്‍ തയാറാക്കുന്ന ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. പഠന രംഗത്തെ കുറവ് നികത്താനും ഇതര സംസ്ഥാനക്കാരുടെ കുട്ടികള്‍ക്ക് ഇവിടെ പഠന സൗകര്യമൊരുക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്. പഠിക്കാന്‍ കഴിയാത്ത കുട്ടികളെ കണ്ടെത്തി അതിനുള്ള സാഹചര്യമൊരുക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പറഞ്ഞു. സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭാവിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവരുടെ ജീവിതവുമായി ബന്ധപ്പെടുത്തി എളുപ്പത്തില്‍ മലയാളം സ്വായത്തമാക്കാവുന്ന വിധത്തിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ഭക്ഷണം, ആരോഗ്യം, യാത്ര, തൊഴില്‍, ആശുപത്രി തുടങ്ങിയവയുമായി ബന്ധപ്പെടുന്ന മേഖലയെ അടിസ്ഥാനമാക്കിയാണ് പാഠഭാഗങ്ങള്‍. ഭാഷയ്‌ക്കൊപ്പം കണക്കും പഠിപ്പിക്കുന്ന പുസ്തകത്തില്‍ ആകര്‍ഷകമായ ചിത്രങ്ങളുമുണ്ട്. പൊതുസ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍, താമസ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ക്ലാസ് നടത്തുന്നത്.

പെരുമ്പാവൂര്‍ റയോണ്‍പുരം എംഐഎ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, സാക്ഷരത മിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ. പി.എസ്.ശ്രീകല, വൈസ് ചെയര്‍പേഴ്‌സണ്‍ നിഷ വിനയന്‍, കൗണ്‍സിലര്‍മാരായ വി.പി.ബാബു, സജീന ഹസ്സന്‍, മണികണ്ഠന്‍ അപ്പു, മാറമ്പിള്ളി എംഇഎസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ.ബിജു, മുനിസിപ്പല്‍ സെക്രട്ടറി ടി.എസ്.സെയ്ഫുദ്ദീന്‍, സാക്ഷരത മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി.മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.