കോട്ടയം: കേന്ദ്ര ടൂറിസം ഐടി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കേരളത്തിലെത്തി. മന്ത്രിയായ ശേഷം ആദ്യമായാണ് കണ്ണന്താനം കേരളത്തിലെത്തുന്നത്. ബിജെ പി കേരളഘടകം വന്‍ സ്വീകരണമാണ് ഒരുക്കിയത്. രാവിലെ 9.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മന്ത്രിയെ ബിജെപി സംസ്ഥാന നേതാക്കള്‍ സ്വീകരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍, എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.

തുടര്‍ന്നും വിവിധ സ്ഥലങ്ങളില്‍ റോഡ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ട്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വീകരണവും ഒരുക്കുന്നുണ്ട്. പിന്നീട് കാഞ്ഞിരപ്പള്ളിയിലും ഉച്ചയ്ക്ക് 1.30 ഓടെ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.എസ്. ശ്രീധരന്‍പിള്ള റോഡ് ഷോ ഉദ്ഘാടനം ചെയ്യും. ഈ റോഡ് ഷോ മണിമലയില്‍ സമാപിക്കും. സ്വീകരണ പരിപാടികള്‍ക്ക് ശേഷം ഇന്ന് വൈകിട്ട് തന്നെ അദ്ദേഹം തിരികെ ഡല്‍ഹിയിലേക്ക് തിരികെ പോകും. 12-ാം തിയതി കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികളും അദ്ദേഹം ഉദ്ദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.

ആദ്യം പാര്‍ട്ടി നേതൃത്വത്തിന് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനത്തോട് തണുപ്പന്‍ പ്രതികരണമാണ് ഉണ്ടായിരുന്നത്. പിന്നീട് ഏറെ വൈകിയാണ് ഇത്തരത്തില്‍ സ്വീകരണം ഒരുക്കുവാന്‍ തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ