തിരുവനന്തപുരം: മോട്ടോർ വാഹന നിയമത്തിൽ പിഴത്തുക സംസ്ഥാന സർക്കാരുകൾക്ക് നിശ്ചായിക്കാമെന്ന കേന്ദ്രസർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. ഇക്കാര്യം നേരത്തെ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണെന്നും പിഴത്തുക നിശ്ചയിക്കുന്നതില്‍ വൈകിയാണെങ്കിലും സംസ്ഥാനങ്ങൾക്ക് അധികാരം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉത്തരവായി ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ തീരുമാനിക്കാൻ സാധിക്കുകയുള്ളൂവെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പഴയ പിഴത്തുക പുനസ്ഥാപിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇപ്പോഴത്തെ വർധനവ് ലഘൂകരിക്കുക മാത്രമാണ് ചെയ്യുക, നിരക്ക് പുതുക്കി നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: പിഴ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; മോട്ടോർ വാഹന നിയമഭേദഗതിയിൽ അയഞ്ഞ് കേന്ദ്രം
വലിയ വിമർശനമാണ് പോക്കറ്റ് കാലിയാകുന്ന പിഴതുക നിശ്ചയിച്ചതിനെതിരെ ഉയർന്ന് വന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പിഴ തുക കുറയ്ക്കാമെന്ന നിലപാടിലേക്ക് കേന്ദ്ര ഗതാഗത വകുപ്പ് എത്തിയത്. പിഴത്തുക എത്രയെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ആളുകളുടെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം എന്ന് നിതിൻ ഗഡ്കരി വ്യക്തമാക്കി.
ഗുജറാത്തുൾപ്പടെയുള്ള സംസ്ഥാനങ്ങൾ പിഴത്തുക കുറച്ചിരുന്നു. മോട്ടോർ വാഹനനിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് കേരളവും കേന്ദ്രസർക്കാരിന് കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് പിഴ തുക നിശ്ചയിക്കാൻ അനുമതി നൽകുകയായിരുന്നു. മോട്ടോർ വാഹനഭേദഗതി കോൺകറന്‍റ് ലിസ്റ്റിലാണുള്ളതെന്നും, സംസ്ഥാനങ്ങൾക്കൊപ്പം കേന്ദ്രസർക്കാരിനും നിയമത്തിലെ ചട്ടങ്ങൾ ഭേദഗതി ചെയ്യാനാകുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
Also Read: മോട്ടോർ വാഹന നിയമ ഭേദഗതി; നാല് ദിവസം കൊണ്ട് പിഴയായി കിട്ടിയത് 46 ലക്ഷം രൂപ
നിരത്തിൽ നിയമം ലംഘിക്കുന്നവരിൽ നിന്ന് വൻ പിഴ ഈടാക്കാനുള്ള മോട്ടോർ വാഹന നിയമ ഭേദഗതി ഈ മാസം തുടക്കം മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. നിയമം കടുത്തതോടെ റോഡിൽ നിന്നും പിഴ ഇനത്തിൽ റെക്കോർഡ് തുകയാണ് സർക്കാർ ഖജനാവിൽ എത്തിയത്. കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ ഒന്ന് മുതൽ നാലാം തിയതി വരെയുള്ള ദിവസങ്ങളിൽ പിഴ ഇനത്തിൽ ലഭിച്ചത് 46 ലക്ഷം രൂപയാണ്. 1758 നിയമലംഘനങ്ങളിൽ നിന്നുമാണ് ഇത്രയും തുക ലഭിച്ചത്. നോട്ടീസ് നൽകിയ പലരും പണം അടച്ചട്ടില്ല. അതുകൂടി എത്തുമ്പോൾ തുക ഇനിയും ഉയരും. അതായത് ഒരു ദിവസം വരുമാനം ശരാശരി ഒരു ലക്ഷം രൂപ കൂടി.