കോഴിക്കോട്: ഹെൽമറ്റില്ലാതെയും, സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനങ്ങളുമായി നഗരത്തിലെത്തിയവരെ പിടിച്ച് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. നിയമം തെറ്റിക്കുന്നവരെയെല്ലാം തടഞ്ഞ് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതിനിടയിലാണ് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് എത്തുന്നത്. സീറ്റ് ബെൽറ്റ് ഇടാതെയായിരുന്നു എംഎൽഎയുടെ യാത്ര. കൈയ്യോടെ പൊക്കിയ മന്ത്രിയുടെ വക ഉപദേശം. ഇന്നത്തെ ദിവസം ആയതിനാൽ ബോധവത്കരണം എന്ന് പറഞ്ഞ് മന്ത്രി എംഎൽഎയെ പോകാൻ അനുവദിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തായിരുന്നു ഗതാഗത മന്ത്രിയുടെ വാഹന പരിശോധന. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ എത്തിയവർക്കെല്ലാം മന്ത്രി മുന്നറിയിപ്പ് നൽകി, ആദ്യ ഘട്ടത്തിൽ ഉപദേശവും പിന്നീട് പിഴയും ഈടാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. കോഴിക്കോട് ജില്ലയിൽ മാത്രം മന്ത്രിയുടെ നേതൃത്വത്തിൽ 68 സ്ക്വാഡുകളാണ് വാഹനപരിശോധന നടത്തുന്നത്.

നിയമം തെറ്റിച്ചവർക്ക് മന്ത്രിയുടെ ഉപദേശം. ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞ് വാഹനങ്ങൾ മുന്നോട്ട് പോയി. കൃത്യമായി നിയമം പാലിച്ച് വാഹനമോടിച്ചവരെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.

നടപടികള്‍ കര്‍ശനമാക്കുക മാത്രമാണ് അപകടങ്ങള്‍ വര്‍ധിക്കാതിരിക്കാന്‍ ഏക മാര്‍ഗമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. നിയമങ്ങള്‍ കര്‍ശമാക്കുകയാണെന്ന് പലര്‍ക്കും അറിയാമായിരുന്നിട്ടും ലംഘിക്കുന്ന പ്രവണതയില്‍ മന്ത്രി ആശങ്ക രേഖപ്പെടുത്തി. ശിക്ഷിക്കുക മാത്രമല്ല ബോധവല്‍ക്കരണം കൂടി സജീവമായി കൊണ്ടുപോയാല്‍ മാത്രമേ അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുകയുള്ളൂനെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 31 വരെ പരിശോധനയും ബോധവല്‍ക്കരണവും തുടരും.

ഓഗസ്റ്റ് അഞ്ച് മുതല്‍ ഏഴ് വരെ സീറ്റ്‌ബെല്‍ട്ട് , 8 മുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 മുതല്‍ 13 വരെ അമിതവേഗം, 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 17 മുതല്‍ 19 വരെ ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിംഗും റെഡ് സിഗ്‌നല്‍ ജമ്പിങും, 24 മുതല്‍ 27 വരെ സ്പീഡ് ഗവര്‍ണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ കൂളിംഗ് ഫിലിമും കോണ്‍ട്രാക്ട് ക്യാരിജുകളിലെ ലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നിങ്ങനെ തരംതിരിച്ചാണ് പരിശോധന നടത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.