തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന പേടിയാണ് യുഡിഎഫും ബിജെപിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരങ്ങൾ നടത്താൻ കാരണമെന്ന് നിയമമന്ത്രി എ.കെ.ബാലൻ. സർക്കാരിനെതിരെയുള്ള ആരോപണങ്ങൾക്ക് കഴമ്പില്ലെന്നും കള്ളങ്ങൾ പറയരുതെന്നും മന്ത്രി പറഞ്ഞു. പിഎസ്‌സി നിയമനം, കൺസൾട്ടൻസി നിയമനം, ബെവ്‌ക്യു വിവാദം, സ്വർണക്കടത്ത് കേസ് തുടങ്ങിയവയിലെല്ലാം സർക്കാരിനു ഒന്നും മറച്ചുവയ്‌ക്കാനില്ലെന്നും എല്ലാ ആരോപണങ്ങളെയും രാഷ്ട്രീയമായി നേരിടാമെന്നും അദ്ദേഹം പറഞ്ഞു.
Read Also: കോവിഡ് കാല പ്രതിഷേധങ്ങൾക്കുള്ള വിലക്ക് ഹൈക്കോതി നീട്ടി
“അധികാരത്തിലെത്തി നാലര വർഷം പിന്നിടുമ്പോൾ എൽഡിഎഫ് സർക്കാർ ഇതുവരെ നടത്തിയിരിക്കുന്നത് ആറ് കൺസൾട്ടൻസി നിയമനങ്ങൾ മാത്രമാണ്. എന്നാൽ, കഴിഞ്ഞ യുഡിഎഫ് സർക്കാർ 16 കൺസൾട്ടൻസി നിയമനങ്ങൾ നടത്തി. കഴിഞ്ഞ സർക്കാരിനേക്കാൾ അധികം പിഎസ്‌സി നിയമനങ്ങൾ ഈ സർക്കാർ നടത്തി. ഇപ്പോൾ സ്വർണക്കടത്തിന്റെ പേരു പറഞ്ഞ് മുഖ്യമന്ത്രിയുടെ രാജിയ്‌ക്കായി മുറവിളി കൂട്ടുകയാണ്. സ്വർണക്കടത്ത് കേസിൽ സർക്കാർ സാധ്യമായതെല്ലാം ചെയ്‌തു. രാഷ്‌ട്രീയമായി എല്ലാം നേരിടാൻ സർക്കാർ തയ്യാറാണ്. എന്നാൽ, അതിനുവേണ്ടി കല്ലുവച്ച നുണകൾ പറയരുത്,” മന്ത്രി പറഞ്ഞു.
Read Also: കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായി, ഇനി കർശന നടപടി: മുഖ്യമന്ത്രി
“ചോദ്യങ്ങൾക്കൊന്നും സർക്കാർ ഉത്തരം നൽകുന്നില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. മണിച്ചിത്രത്താഴ് സിനിമയിൽ ഗണേഷ് കുമാറിനോട് ഒരു വസ്‌തുതയും ബന്ധവുമില്ലാത്ത കാര്യങ്ങൾ ചോദിക്കുന്ന കുതിരവട്ടം പപ്പുവിന്റെ കഥാപാത്രമുണ്ട്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ അതുപോലെയാണ്. സ്വർണക്കടത്ത് കേസിൽ ഏത് തരം അന്വേഷണത്തിനും തയ്യാറാണെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്” മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് നേതാക്കൾ നേതൃത്വം നല്‍കുന്ന ‘സ്‌പീക്ക് അപ്പ് കേരള’ സത്യഗ്രഹം പൂർത്തിയായി. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസും സര്‍ക്കാരിന്റെ അഴിമതിയും സിബിഐ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.