തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി നോക്കിയാല്‍ സ്റ്റേയുണ്ടെന്ന് നിയമമന്ത്രി എ.കെ.ബാലന്‍. വിശാല ബഞ്ചിലേക്ക് വിട്ടതോടെ 2018 ലെ വിധി എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന പ്രശ്‌നം നിലനില്‍ക്കുന്നു. നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി എ.കെ.ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ശബരിമല തീർത്ഥാടന കാലം കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആശങ്കകളും പ്രശ്‌നങ്ങളും ഇല്ലാത്ത രീതിയിലായിരിക്കും ഇത്തവണത്തെ മണ്ഡലകാലമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: രാവിലെ തൊട്ട് മനസ് നിറയെ അക്ബറും അമീറും; പാർവതിയുടെ അമ്മ മൂത്തോനെ കുറിച്ച് പറഞ്ഞത്

ചെറിയ വാഹനങ്ങളെ നിലക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടും. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ലാബ് സ്ഥാപിക്കും. നിലക്കലിൽ ബസ് കയറാൻ ക്യൂ സിസ്റ്റം കൊണ്ട് വരുമെന്നും കടകംപള്ളി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഈ മണ്ഡലകാലം കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, ആന്ധ്രയിൽ നിന്ന് ശബരിമല ദർശനത്തിനായി എത്തിയ യുവതികളുടെ സംഘത്തെ തിരിച്ചയച്ച കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന പുനപരിശോധന സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ അവ്യക്തതയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ നേരത്തെ പറഞ്ഞിരുന്നു. വിഷയത്തില്‍ നിയമോപദേശം തേടണമെന്നാണ് പോളിറ്റ് ബ്യൂറോയിലെ പൊതുവികാരം. സംസ്ഥാന സര്‍ക്കാര്‍ വിധിയില്‍ കോടതിയില്‍ നിന്നും വ്യക്തത തേടണമെന്നും പിബി.

നേരത്തെ, ശബരിമല വിഷയത്തില്‍ ലിംഗസമത്വം എന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു. അതത് കാലങ്ങളിലുണ്ടാകുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.