തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി എ.കെ.ബാലന്‍. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവമായി കണ്ട് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സിനിമാ മേഖലയില്‍ സമഗ്ര നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

രണ്ടുതരം നിയമനിര്‍മാണം വേണ്ടിവരും. ആദ്യത്തേത് കലാകാരന്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ. മറ്റൊന്ന് നിര്‍മാണ, വിതരണ രംഗത്തെ പ്രശ്നപരിഹാരത്തിന്. റഗുലേറ്ററി കമ്മിറ്റിയും സർക്കാരിന്റെ പരിഗണനയിലാണ്. സിനിമ മേഖലയിലെ അപ്രിയ സത്യങ്ങള്‍ മൂടിവയ്ക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും എല്ലാവരുമായും കൂടിയാലോചിക്കുമെന്നും മന്ത്രി എ.കെ.ബാലൻ മനോരമ ന്യൂസിനോട് പറഞ്ഞു.

Read Also: പുതുവര്‍ഷപ്പുലരിയില്‍ മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രത്തിന് തുടക്കമായി, ചിത്രങ്ങള്‍

സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ വിവരിച്ചുള്ള ഹേമ കമ്മിഷൻ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് കെെമാറിയത്. സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിലുള്ളത്. ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകളുമായും അവരുടെ തൊഴില്‍ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാൻ സംസ്ഥാന സര്‍ക്കാരാണ് ജസ്റ്റിസ് ഹേമ കമ്മിഷന് രൂപം നൽകിയത്. വനിതകളുടെ സിനിമാ കൂട്ടായ്മയായ ഡബ്ല്യുസിസി ഇങ്ങനെയൊരു കമ്മിഷനു വേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. ജസ്റ്റിസ് ഹേമ, ചലച്ചിത്ര താരം ടി.ശാരദ, കെ.ബി.വല്‍സല കുമാരി (റിട്ട ഐഎഎസ്) എന്നിവരാണ് റിപ്പോർട്ട് സമർപ്പിക്കാൻ എത്തിയത്.

സിനിമയിലെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. സിനിമയില്‍ അവസരം ലഭിക്കാന്‍ കിടപ്പറയിലേക്ക് വിളിക്കുന്നവരുണ്ടെന്ന് ചിലര്‍ മൊഴി നല്‍കിയിരിക്കുന്നു. ദൃശ്യ, ശ്രാവ്യ തെളിവുകള്‍ സഹിതമാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

കുറ്റവാളികളെ നിശ്ചിതകാലത്തേക്ക് സിനിമയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ സിനിമയിലെ അനീതികള്‍ക്ക് പ്രശ്നപരിഹാരം സാധ്യമാവൂ. ശക്തമായ നിയമം കൊണ്ടുവരണമെന്നും ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നും ശുപാർശ ചെയ്യുന്നു. വളരെ മാന്യമായി പെരുമാറുന്ന പുരുഷൻമാരും സിനിമയിലുണ്ടെന്ന് കമ്മിഷന്‍ റിപ്പോർട്ടിൽ പറയുന്നു.

Read Also: പ്രിയങ്ക ഗാന്ധി സഞ്ചരിച്ച സ്‌കൂട്ടറിന് പിഴ: തുക താനടയ്ക്കുമെന്നു വാഹനമുടമ

സിനിമാ സെറ്റുകളില്‍ മദ്യം, മയക്കുമരുന്ന് ഉപയോഗമുണ്ടെന്നും കമ്മിഷൻ റിപ്പോർട്ടിൽ കണ്ടെത്തി. സിനിമാമേഖലയിലെ പരാതികൾ പരിഗണിക്കാൻ ട്രിബ്യൂണൽ വേണമെന്നാണ് കമ്മിഷന്റെ പ്രധാന നിർദേശം. തെളിവെടുപ്പിനിടെ സംസാരിക്കാന്‍ പുരുഷന്മാരും സ്ത്രീകളും വിമുഖത കാട്ടിയതും പലരും ഭയപ്പെട്ട് സംസാരിക്കാത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.