തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ അനിൽ അക്കര നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എ.സി മൊയ്തീൻ. യാതൊരു തെളിവുമില്ലാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ടാണ് അനിൽ അക്കര തനിക്കെതിരെ നുണ പ്രചാരണം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
താൻ രണ്ട് കോടി കൈപ്പറ്റിയെന്നാണ് എംഎൽഎയുടെ ആരോപണം. ഇത്തരം ആരോപണങ്ങൾക്ക് സ്വന്തം സഹപ്രവർത്തകരിൽനിന്നു പോലും എംഎൽഎയ്ക്ക് പിന്തുണയില്ല. സ്വന്തം കഴിവുകേടുകൾ മറയ്ക്കാൻ ഒരു ഉളുപ്പുമില്ലാതെ അനിൽ അക്കര ഒരേ നുണകൾ ആരോപിക്കുന്നു. ആക്ഷേപം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്.
ഓരോ ദിവസവും വാർത്തയ്ക്കു വേണ്ടി ഓരോ വാർത്താ സമ്മേളനം നടത്തുകയാണ് എംഎൽഎ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ എന്ത് അന്വേഷണവും നടക്കട്ടെ. ഫ്ളാറ്റ് നിർമാണം തകർക്കാനാണ് എംഎൽഎയുടെ ശ്രമം.
Read More: ധനമന്ത്രിയുമായി സമ്പർക്കം; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നിരീക്ഷണത്തിൽ
റെഡ് ക്രസന്റ് ഏൽപ്പിച്ച യൂണിടെക്ക് എന്ന കരാറുകാരനെയും തനിക്കറിയില്ല. 41 സ്ഥലങ്ങളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. തറക്കല്ലിടല്‍ ചടങ്ങ് ഈ ആഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും. പെരിന്തല്‍മണ്ണയില്‍ അത് നേരത്തെ തുടങ്ങി. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി നേരിട്ടാണ് അത് ചെയ്യുന്നത്. അത്തരത്തില്‍ ടെന്‍ഡര്‍ നടത്തിയ ഒരു സ്ഥലമാണ് വടക്കാഞ്ചേരി. അതിന്റെ സ്ഥലമേറ്റെടുക്കൽ അടക്കം കാര്യങ്ങളും സുതാര്യമാണ്.
എംഎൽഎയ്ക്ക് ഒരു നിലവാരം വേണം. അനിൽ അക്കരയെ സാത്താൻ്റെ സന്തതിയെന്ന് സിപിഎം നേതാവ് ബേബി ജോൺ വിളിച്ചതിൽ തെറ്റില്ല. സന്ദർഭവുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശം മാത്രമാണത്. കലത്തിൽ തൊട്ട് നോക്കുന്നത് പേലെയാണ് ഫ്ളാറ്റിൽ തൊട്ട് എംഎൽഎ ഗുണനിലവാരം പരിശോധിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.