കാഞ്ഞങ്ങാട്: മമ്മൂട്ടി ചിത്രം കസബയെക്കുറിച്ചുളള നടി പാർവ്വതിയുടെ അഭിപ്രായ പ്രകടനത്തില്‍ തെറ്റില്ലെന്നും വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടപെടേണ്ടവര്‍ ഇടപെട്ട് അവിടെ തന്നെ തീര്‍ക്കേണ്ടതായിരുന്നെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ഈ സംഭവം വലിച്ച് നീട്ടി കൊണ്ട് പോകുന്നത് ആശാസ്യമല്ലെന്നും മന്ത്രി പറഞ്ഞു.

കസബ എന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ നായകന്‍ സ്ത്രീ കഥാപാത്രത്തിന്റെ മടികുത്തില്‍ പിടിക്കുന്ന സീനിലെ സത്രീ വിരുദ്ധതയെയാണ് നടി വിമര്‍ശിച്ചത്. ഈ ചിത്രം താനും കണ്ടതാണെന്നും തിയേറ്ററില്‍നിന്നും പകുതിക്കുവച്ച് എഴുന്നേറ്റു പോകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പിന്നീടാണ് ഈ പ്രത്യേക രംഗം കണ്ടതെന്നും, അത് സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ ആഗ്രഹിക്കുന്നത് സ്റ്റാറുകളെയല്ല. നടീ-നടന്മാരെയാണ്. ഇത് ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ കണ്ടതാണ്. വിനായകനെ പോലെയുള്ള നടന്മാര്‍ക്ക് അവാര്‍ഡ് കൊടുത്തത് അതിനുള്ള അംഗീകാരമാണ്. പാര്‍ശ്വവൽക്കരിക്കപ്പെട്ടവര്‍ക്ക് അംഗീകാരം നല്‍കുന്നത് മറ്റ് പലര്‍ക്കും രസിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. അതൊന്നും കാര്യമാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ദേശീയത ഏകശിലയില്‍ വാര്‍ത്തെടുത്തതല്ല, വിശ്വമാനവികതയിലേക്ക് കേരളീയര്‍ ഉയരണമെന്നും കാഞ്ഞങ്ങാട് നടന്ന സര്‍ഗോത്സവം 2017ന്റെ ഉദ്ഘാടനത്തില്‍ പ്രസംഗിക്കവേ മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം പാർവ്വതിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരും രംഗത്തെത്തിയിരുന്നു. പാർവ്വതിക്ക് പിന്തുണ നല്‍കി മലയാളത്തിലെ മുതിര്‍ന്ന താരങ്ങള്‍ രംഗത്തുവരണമെന്നും താന്‍ പാർവ്വതിയ്ക്ക് ഉറച്ച പിന്തുണ നല്‍കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ധനമന്ത്രി തോമസ് ഐസക്കും പാർവ്വതിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ കേസില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗം അറസ്റ്റിലായിരുന്നു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെയാണ് പൊലീസ് പിടിയിലായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.