തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലേറി ആയിരം ദിവസം പിന്നിട്ടപ്പോൾ ഏറ്റവും അധികം മിനിമം വേതനമുളള രാജ്യത്തെ സംസ്ഥാനമെന്ന നേട്ടവും കേരളം സ്വന്തമാക്കി. 26 തൊഴിൽ മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചാണ് രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമെന്ന നേട്ടത്തിലേക്ക് വീണ്ടും കേരളം ഉയർന്നത്.

സംസ്ഥാനത്തെ നഴ്‌സുമാരുൾപ്പടെയുളള സ്വകാര്യ ആശുപത്രി ജീവനക്കാർ, ഖാദി-കൈത്തറി തൊഴിലാളികൾ, പാചക തൊഴിലാളികൾ, കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ, ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് സെയില്‍സ്, പ്രിന്റിംഗ് പ്രസ്, ഗോള്‍ഡ് ആന്റ് സില്‍വര്‍ ഒര്‍ണമെന്റ്‌സ്, ആന പരിപാലനം എന്നീ മേഖലകളിൽ വേതനം വർദ്ധിപ്പിച്ചു.

ബീഡി-സിഗാർ കമ്പനി തൊഴിലാളികൾ, ഹോസ്റ്റൽ, ഐസ് ഫാക്ടറി, ചൂരൽമുള, ആയുർവേദ അലോപ്പതി മരുന്ന്, സെക്യുരിറ്റി സേവനം, കാർഷികരംഗം, എണ്ണമിൽ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, മലഞ്ചരക്ക് വ്യവസായ രംഗം, ഓയിൽ പാം, ഫോട്ടോ ആന്റ് വീഡിയോഗ്രാഫി, ചെരുപ്പ് നിർമ്മാണം തുടങ്ങിയ മേഖലകളിലും വേതനം വർദ്ധിപ്പിച്ചു.

മുഖ്യമന്ത്രിയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അതേസമയം എത്ര രൂപയാണ് മിനിമം വേതനമെന്നത് വ്യക്തമാക്കിയിട്ടില്ല. എങ്കിലും നിയമലംഘനങ്ങൾക്കുള്ള പിഴ 500 രൂപയിൽ നിന്ന് രണ്ടു ലക്ഷം രൂപ വരെയായി വർധിപ്പിച്ച് മിനിമം വേതനനിയമം ഭേദഗതി ചെയ്തിട്ടുണ്ട്. മിനിമം വേതനനിയമ പ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങളുടെ കുടിശ്ശികയിൽ തീർപ്പ് കല്പിക്കുന്നതിന് ഡെപ്യൂട്ടി ലേബർ കമ്മീഷണർമാരെ ചുമതലപ്പെടുത്തിക്കൊണ്ടും തീരുമാനം എടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.