തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജില്‍ എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി മിനിയേച്ചർ ട്രെയിനിൽ ചുറ്റിക്കറങ്ങാം. ലോക ടൂറിസം ദിനാചരണ വേളയില്‍ മിനിയേച്ചര്‍ റെയില്‍വേ പദ്ധതിക്ക് അനുമതിയായി. ആധുനിക സംവിധാനങ്ങളുള്ള മിനിയേച്ചര്‍ റെയില്‍വേ പദ്ധതി ഒന്‍പത് കോടി രൂപ മുതല്‍മുടക്കി സംസ്ഥാന ടൂറിസം വകുപ്പാണ് നടപ്പാക്കുന്നത്. ഇതോടെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മിനി ട്രെയിനില്‍ സഞ്ചരിക്കാനുള്ള അവസരമാണ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.

പഴയ ആവി എഞ്ചിന്റെ മാതൃകയിലുള്ള എഞ്ചിന്‍ ഉപയോഗിക്കുന്ന ഈ ട്രെയിനില്‍ നിന്ന് കൃത്രിമമായി ആവി പുക പറക്കുന്നത് ഗൃഹാതുരമായ കാഴ്ചയും ഒരുക്കും. പരമ്പരാഗത രീതിയിലുള്ള റെയില്‍വേ സ്റ്റേഷനാണ് വേളിയില്‍ സ്ഥാപിക്കുന്നത്. ടണലും റെയില്‍വേ പാലവും അടക്കം സജജീകരിക്കുന്നുമുണ്ട്. ടണലിനുള്ളിലെ പാളത്തിലൂടെ പുക ഉയര്‍ത്തി കൂകി പായുന്ന തീവണ്ടി കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ പോലെ ആകര്‍ഷിക്കുന്നതാകും. ഒരേ സമയം 45 പേര്‍ക്ക് സഞ്ചരിക്കാനാകുന്ന ഈ ട്രെയിനില്‍ യാത്രക്കൂലി ഒരാള്‍ക്ക് 30 രൂപ ആയിരിക്കും.

വേളിയുടെ ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന മിനിയേച്ചര്‍ റയില്‍വേ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പദ്ധതിയുടെ രൂപരേഖ തയ്യാറായി കഴിഞ്ഞു. സോളാര്‍ വൈദ്യുതി കൊണ്ട് ചാര്‍ജ് ചെയ്യുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്റെ ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി.

മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങളെല്ലാം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. അധിക വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യും. ട്രെയിനിന്റെ മുകള്‍ ഭാഗത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ഈ രീതിയിലുള്ള രാജ്യത്തെ തന്നെ ആദ്യ മിനിയേച്ചര്‍ റെയില്‍വേ സംവിധാനമായി ഇത് മാറും.

ടൂര്‍ഫെഡ് മുന്നോട്ട് വച്ച പദ്ധതി നടപ്പാക്കുന്നതോടെ വേളി ടൂറിസ്റ്റ് വില്ലേജ് കൂടുതല്‍ ആകര്‍ഷകമാകും. വേളിയില്‍ ടൂറിസം വികസനത്തിനായി 20 കോടിയോളം രൂപയുടെ പദ്ധതികള്‍ക്കാണ് സംസ്ഥാന ടൂറിസം വകുപ്പ് നേരത്തെ അംഗീകാരം നല്‍കിയത്. വേളിയില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് 9.98 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കും.
വേളി ടൂറിസ്റ്റ് വില്ലേജില്‍ ഇക്കോ പാര്‍ക്കും, തീര പാത വികസനത്തിനുമായി 4.78 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കുന്നുണ്ട്. 12 മാസത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കും. വേളിയില്‍ അര്‍ബന്‍ പാര്‍ക്ക് വികസനത്തിന് 4.99 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഈ പദ്ധതിയും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. ഇതെല്ലാം ചേരുമ്പോള്‍ 30 കോടിയോളം രൂപയുടെ ടൂറിസം വികസന പദ്ധതിയാണ് വേളി ടൂറിസ്റ്റ് വില്ലേജില്‍ നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ