കൊച്ചി: പാലുൽപാദനം കുറവായതിനാൽ മിൽമ പാൽ വില കൂട്ടുന്നു. കൊച്ചിയിൽ ചേർന്ന ഡയറക്‌ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. എന്നാൽ ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന് സർക്കാരുമായി ആലോചിച്ച് തീരുമാനിക്കും. ലിറ്ററിന് രണ്ട് രൂപ വർധിപ്പിക്കാൻ ആവശ്യപ്പെടുമെന്നാണ് സൂചന. ലിറ്ററിന് 36,38,40 എന്നിങ്ങനെയാണ് നിലവിലെ മിൽമ പാൽ വില.
സംസ്ഥാനത്തെ കടുത്ത വരൾച്ച ആഭ്യന്തര പാലുൽപാദനത്തിൽ കാര്യമായി കുറവ് വരുത്തിയിട്ടുണ്ട്. ഏകദേശം ഒരു ലക്ഷം ലിറ്ററിന്റെ കുറവാണിപ്പോഴുള്ളത്. ഇതോടെ പാൽ ഇറക്കുമതി വർധിപ്പിക്കേണ്ടി വരുന്നതാണ് വില വർധനയ്ക്ക് കാരണമായി മിൽമ പറയുന്നത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ പാൽ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ കർണാടക ലിറ്ററിന് ഒരു രൂപ വർധിപ്പിക്കുകയും തമിഴ്നാട് രണ്ട് രൂപ കൂടുതൽ ചോദിച്ചതും വൻ തിരിച്ചടിയായി. നിലവിൽ മൂന്ന് ലക്ഷം ലിറ്ററാണ് മിൽമയുടെ പാൽ ഇറക്കുമതി.