തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില ഉടന്‍ വര്‍ധിപ്പിക്കും. ലിറ്ററിന് എത്ര രൂപ വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും അഞ്ചു രൂപ വരെ വര്‍ധിപ്പിക്കാനാണു സാധ്യത. വിലവര്‍ധന ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ പ്രാബല്യത്തില്‍ വരുമെന്നാണു മില്‍മയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന വിവരം.
കാലിത്തീറ്റ വില വര്‍ധനവിന്റെ സാഹചര്യത്തിൽ പാല് വില വര്‍ധിപ്പിക്കണമെന്ന് ഏറെക്കാലമായി ക്ഷീരകര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതേത്തുടർന്നാണു വിലവര്‍ധനവിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ലിറ്ററിന് ആറു രൂപയെങ്കിലും കൂട്ടണമെന്നാണു കര്‍ഷകരുടെ ആവശ്യം.
ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉല്പ്പാദനോപാധികളിലുണ്ടായ ഗണ്യമായ വിലവര്‍ധനവ് കണക്കിലെടുത്തും പാല വില വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്യുമെന്നു മില്‍മ ചെയര്മാന് കെ എസ് മണി അറിയിച്ചു.
പാലുല്പ്പാദനച്ചെലവും മറ്റും പഠിക്കുന്നതിനു വെറ്ററിനറി, കാര്‍ഷിക സര്‍വകലാശാലകളിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയെ മില്‍മ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് 15 നകം ലഭിക്കും. ഇതിലെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ച് ഫെഡറേഷന് ഭരണസമിതി അടിയന്തര യോഗം ചേര്‍ന്ന് ഉചിതമായ വിലവര്‍ധനവ് നടപ്പാക്കണമെന്നു കേരള ക്ഷീര വിപണന ഫെഡറേഷന്റെയും മേഖല യൂണിയനുകളുടെയും ചെയര്മാന്മാരും മാനേജിങ് ഡയറക്ടര്‍മാരും അടങ്ങുന്ന പ്രോഗ്രാമിങ് കമ്മിറ്റി ശിപാര്‍ശ ചെയ്തതായി മില്‍മ ചെയര്മാന് പറഞ്ഞു.
ക്ഷീരകര്‍ഷകരുടെ അധ്വാനത്തിന് ആനുപാതികമായ വില ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. മില്‍മയോട് സഹകരിക്കുന്ന ഉപഭോക്താക്കള്‍ ഈ വിലവര്‍ധനവ് ഉള്‍ക്കൊള്ളണമെന്നും ചെയര്മാന് അഭ്യര്‍ഥിച്ചു.
പാല് വില അഞ്ചുരൂപ വര്‍ധിപ്പിക്കേണ്ടി വരുമെന്നു ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി രണ്ടാഴ്ച മുന്‍പ് പറഞ്ഞിരുന്നു. കര്‍ഷകരുടെ ഉള്‍പ്പെടെ അഭിപ്രായം തേടിക്കൊണ്ടായിരിക്കും വിലവര്‍ധനവെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് അമുല്‍ പാലിന്റെ വില ഒക്ടോബര്‍ പകുതിയോടെ വര്‍ധിപ്പിച്ചിരുന്നു.
2019 സെപ്റ്റംബറിലാണ് ഇതിനു മുന്പ മില്‍മ പാല് വില വര്‍ധിപ്പിച്ചത്. ലിറ്ററിന് നാല് രൂപയായിരുന്നു വര്‍ധന. ഇതില്‍ 3.35 രൂപ ക്ഷീര കര്‍ഷകര്‍ക്കും 16 പൈസ ക്ഷീര സംഘങ്ങള്‍ക്കും 32 പൈസ പാല് വില്‍പ്പന നടത്തുന്ന ഏജന്റുമാര്‍ക്കും നല്കി. മൂന്നു പൈസ ക്ഷീര കര്‍ഷക ക്ഷേമ നിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകള്‍ക്കും ഒരു പൈസ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനും മൂന്നു പൈസ കാറ്റില്‍ ഫീഡ് പ്രൈസ് ഇന്റര്‍വെന്‍ഷന്‍ ഫണ്ടിലേക്കുമാണു നല്‍കിയത്.
നിലവില്‍ ലിറ്ററിന് 44 രൂപ മുതല്‍ 52 രൂപ വരെയാണു മില്‍മ പാലിന്റെ വില. ഇളം നീല, മഞ്ഞക്കവര്‍ പാലിനു ലിറ്ററിനു 44 രൂപയും നീലക്കവറിനു 46 രൂപയുമാണു വില. പച്ച, കാവി നിറങ്ങളിലുള്ള കവറിനു ലിറ്ററിനു 48 രൂപ. സ്റ്റാന്‍ഡേര്‍ഡ് ഹോമോജനൈസ്ഡിന് അൻപതും മില്‍മ റിച്ചിന് അൻപത്തി രണ്ടും രൂപയാണു വില. ഇവയ്ക്കൊക്കെ അഞ്ചു രൂപ വീതം വര്‍ധിക്കും.