തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില കൂട്ടാന്‍ തീരുമാനം. എല്ലാ ഇനം പാലിനും നാല് രൂപയാണ് വര്‍ധിപ്പിക്കുക. മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഏഴ് രൂപ വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മ ഫെഡറേഷന് ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല.
വർധിപ്പിക്കുന്ന വിലയില്‍ 83.75 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കും. ഇതനുസരിച്ച് 3 രൂപ 35 പൈസ കര്‍ഷകര്‍ക്ക് അധികമായി ലഭിക്കും. കൂടിയ വിലയുടെ 80 ശതമാനം കര്‍ഷകര്‍ക്ക് നല്‍കാമെന്ന് മില്‍മ അറിയിച്ചെങ്കിലും അതിനേക്കാള്‍ കൂടുതല്‍ വേണമെന്ന സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് 83.75 ശതമാനം നല്കാന് തീരുമാനമായത്.
ഇളം നീല കവര്‍ പാലിന് ഇതോടെ ലിറ്ററിന് 44 രൂപയാകും. സെപ്റ്റംബര്‍ 21 മുതല്‍ വില വര്‍ധനവ് നിലവില്‍ വരും. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ബോര്‍ഡ് കഴിഞ്ഞ ദിവസം സര്‍ക്കാരിനെ അറിയിച്ചിരുന്നു. നിരക്ക് വർധന പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. മിൽമയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സർക്കാരിന്റെ അനുമതിയോടെയാണ് വർധിപ്പിക്കാറുള്ളത്.
Read Also: മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചേക്കും
2017-ലാണ് പാൽവില അവസാനം കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയിൽ 3.35 രൂപയും കർഷകനാണ് ലഭിച്ചത്. ഇത്തവണയും വർധന കർഷകർക്കാണ് ഗുണം ചെയ്യുകയെന്നാണ് മിൽമ ബോർഡ് പറയുന്നത്.
കാലിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധനയാണ് പാല് വില കൂട്ടാന്‍ കാരണമെന്നാണ് മില്‍മ പറയുന്നത്. കാലിത്തീറ്റ, പിണ്ണാക്ക്, ചോളം എന്നിവയുടെ വില ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നുകില്‍ സര്‍ക്കാര്‍ പാല്‍വില ഇന്‍സെന്റീവ് നല്കി കര്‍ഷകരെ സഹായിക്കണം. അല്ലാത്ത പക്ഷം മില്‍മ അധികം വൈകാതെ തന്നെ പാല്‍വില വര്‍ധനയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത് മിൽമ ഫെഡറേഷൻ നേരത്തെ തന്നെ അറിയിച്ചിരുന്നു.
വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും മില്‍മ പറയുന്നു. നിരക്ക് വര്‍ധന ശാസ്ത്രീയമായി പഠിക്കാന്‍ മില്‍മ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് പരിഗമിച്ചാണ് ഇപ്പോൾ വില വർധനവ് പ്രാബല്യത്തിൽ കൊണ്ടുവരുന്നത്. അവശ്യ സാധനങ്ങളുടെ വില വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാലിന്റെ വില കൂടി വർധിച്ചാൽ അത് മലയാളികൾക്ക് തിരിച്ചടിയാകും.