/indian-express-malayalam/media/media_files/uploads/2023/04/milk.jpg)
തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിലെ പാലുല്‍പ്പാദക സംഘങ്ങള്‍ സംസ്ഥാനത്തെ വിപണിയില്‍ നേരിട്ട് പാല്‍വില്‍പന നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മില്‍മ. ഗുജറാത്ത് ആസ്ഥാനമായ അമുലിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് കർണാടകയിൽ തർക്കം രൂക്ഷമായിരിക്കെ, കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ നന്ദിനി ബ്രാൻഡിന്റെ ചില്ലറ വിൽപ്പനയിലാണ് കേരളത്തിലെ പാൽ സഹകരണസംഘം ആശങ്ക ഉയർത്തിയത്.
കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ കേരളത്തില്‍ ചിലയിടത്ത് ഔട്ട്ലറ്റുകള്‍ തുടങ്ങിയിരുന്നു. സംസ്ഥാനത്തുടനീളം ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകൾ അനുവദിക്കുന്നതിനുള്ള പദ്ധതിയും അവർ പ്രഖ്യാപിച്ചിരുന്നു.
കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ മാനേജ്‌മെന്റ് അതിന്റെ കേരള പദ്ധതികളെക്കുറിച്ച് കർണാടക മിൽക്ക് ഫെഡറേഷന് കത്തെഴുതി.
കേരള സഹകരണ സംഘത്തിൽ 15 ലക്ഷം ക്ഷീര കർഷക അംഗങ്ങളും 3000-ത്തോളം സഹകരണ സംഘങ്ങളുമുണ്ട്. ചില സംസ്ഥാനത്തെ പാൽ മാർക്കറ്റിംഗ് ഫെഡറേഷനുകളുടെ (നന്ദിനി) പ്രധാന ഉൽപ്പന്നങ്ങൾ അതാത് ഡൊമെയ്‌നിനു പുറത്ത് വിപണനം ചെയ്യുന്ന പ്രവണത വർധിച്ചുവരുന്നതായി മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.
ഇത് ഫെഡറൽ തത്വങ്ങളെയും ത്രിഭുദാസ് പട്ടേൽ, ഡോ. വർഗീസ് കുര്യൻ തുടങ്ങിയവർ നയിച്ച രാജ്യത്തിന്റെ ക്ഷീര സഹകരണ പ്രസ്ഥാനത്തിൽ കെട്ടിപ്പടുക്കപ്പെട്ട സഹകരണ മനോഭാവത്തെയും ഗുരുതരമായി ലംഘിക്കുന്നതാണ്. ഈ നീക്കം സഹകരണ മനോഭാവത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്. അന്യസംസ്ഥാനത്തുനിന്നുള്ള ബ്രാൻഡ് നമ്മുടെ വിപണിയെ ബാധിക്കുമോ ഇല്ലയോ എന്നത് പിന്നീടുള്ള കാര്യമാണെന്നും മണി പറഞ്ഞു.
എല്ലാ ഫെഡറേഷനും അതിന്റേതായ പ്രത്യേക ഡൊമെയ്‌ൻ ഉണ്ടെന്നും മറ്റ് ഉൽപ്പന്നങ്ങൾ ഇതിനകം വിപണിയിലുണ്ടെങ്കിലും നന്ദിനിയുടെ ലിക്വിഡ് മിൽക്ക് ബ്രാൻഡിന്റെ അതിർത്തി കടന്നുള്ള വിൽപ്പനയെക്കുറിച്ച് മാത്രമാണ് മിൽമയ്ക്ക് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.
“അമുലിന്റെ (ഗുജറാത്ത് മിൽക്ക് കോഓപ്പറേറ്റീവ് ഫെഡറേഷൻ) ഉൽപ്പന്നങ്ങൾ കർണാടകയിൽ വിൽക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച്, അവിടെ ശക്തമായ പ്രതിരോധം നടക്കുന്നുണ്ട്. കർണാടക മിൽക്ക് ഫെഡറേഷൻ തങ്ങളുടെ വിപണിയിലേക്കുള്ള അമുലിന്റെ പ്രവേശനത്തെ ശക്തമായി എതിർക്കുമ്പോൾ, കർണാടക ഫെഡറേഷന്റെ കേരളത്തിലേക്കുള്ള കടന്നുകയറ്റത്തെ എങ്ങനെ ന്യായീകരിക്കാനാകും? ഇത് ധാർമികതയ്ക്ക് നിരക്കാത്തതും രാജ്യത്തെ ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്നതുമാണ്,'' മണി പറഞ്ഞു.
കർണാടക ഫെഡറേഷന്റെ പ്രധാന ഇടപാടുകാരിൽ ഒരാളാണ് മിൽമയെന്ന് മണി പറഞ്ഞു. കേരളത്തിൽ പാലിന് ക്ഷാമമുണ്ടാകുമ്പോൾ ഞങ്ങൾ കർണാടകയിൽ നിന്ന് മൊത്തമായി വാങ്ങാറുണ്ട്. നന്ദിനിയിൽ നിന്ന് ഒരു ദിവസം 2 ലക്ഷം ലിറ്റർ പാൽ വാങ്ങുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ചില്ലറ വിൽപ്പന ആരംഭിക്കാനുള്ള അവരുടെ ശ്രമം ഞങ്ങളുടെ താൽപ്പര്യങ്ങളെ ദോഷകരമായി ബാധിക്കും, അത് പരസ്പരം വിനാശകരമാണെന്നും, മണി അഭിപ്രായപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്ഷീരമേഖലയിലെ നിക്ഷേപ ചെലവ് വളരെ കൂടുതലാണെങ്കിലും മിൽമ അതിന്റെ വിറ്റുവരവിന്റെ 83 ശതമാനവും അതിന്റെ ശൃംഖലയിലെ സഹകരണ സംഘങ്ങൾ വഴി ക്ഷീരകർഷകർക്ക് കൈമാറുന്നുവെന്നും മണി പറയുന്നു.
കൂടാതെ, മിൽമയിൽ അധികമായവയുടെ ഭൂരിഭാഗവും കർഷകർക്ക് പാൽ വിലയിൽ അധിക പ്രോത്സാഹനമായും കാലിത്തീറ്റയുടെ സബ്സിഡിയായും നൽകുന്നു.
വിവിധ സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ ഫെഡറേഷനുകൾ വിൽപന കേന്ദ്രങ്ങൾ തുറക്കുന്നതോ പാലും മറ്റ് പ്രധാന ഉൽപ്പന്നങ്ങളും അതത് സംസ്ഥാനത്തിന് പുറത്ത് വിൽക്കുന്നതിനോ ഉള്ള പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കുന്നത് നല്ലതാണ്, ”മിൽമ ചെയർമാൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us