തിരുവനന്തപുരം: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവയ്‌ക്കരുതെന്ന് ധനമന്ത്രി തോമസ് ഐസക്. അതിഥി തൊഴിലാളികളെ നാടുകളിലേക്ക് തിരിച്ചെത്തിക്കാൻ ബസ് മാർഗം ഉപേക്ഷിച്ച് ട്രെയിൻ തിരഞ്ഞെടുത്ത നടപടി സ്വാഗതാർഹമാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, റെയിൽവേ ചെലവുകൾ സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവയ്‌ക്കുന്നത് എന്തിനാണെന്ന് മന്ത്രി ചോദിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തം കേന്ദ്രം വഹിക്കണം. ട്രെയിൻ ചെലവ് കേന്ദ്രസർക്കാർ തന്നെ വഹിക്കണം. അതോടൊപ്പം ഓരോ അതിഥി തൊഴിലാളിക്കും 7,500 രൂപ നൽകണമെന്നും മന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു.

ഇതരസംസ്ഥാന തൊഴിലാളികളുടെ ബസിൽ വിടുക എന്ന ആശയം അപ്രായോഗികമാണെന്ന് തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. തൊഴിലാളികൾക്കുള്ള ഭക്ഷണം, വൈദ്യസഹായം എന്നിവയുടേതടക്കമുള്ള ചെലവ് കേന്ദ്രം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 7,500 രൂപ വീതം ഓരോ തൊഴിലാളിക്കും ട്രെയിനില്‍ നിന്നും ഇറങ്ങുമ്പോള്‍ നല്‍കണം. മൊത്തം ചെലവ് 7,500 കോടി രൂപയേ വരൂ. ഇതുവരെ അവരോട് കാണിച്ച അവഗണനയ്ക്ക് ഒരു പ്രായശ്ചിത്തം ചെയ്യുന്നൂവെന്ന് കരുതിയാല്‍ മതിയെന്നും തോമസ് ഐസക് പറഞ്ഞു.

ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതി. പഞ്ചാബിൽ ഇന്നുള്ള അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നാട്ടിൽ അയയ്ക്കാൻ 1,70,000 ബസ്സുകൾ വേണം. ഒരു ബസിൽ 25 പേരെയല്ലേ ഉൾക്കൊള്ളിക്കാനാകൂ. ലൂധിയാന പട്ടണത്തിൽ മാത്രം ഏഴ് ലക്ഷം തൊഴിലാളികൾ നാട്ടിൽ പോകാൻ കാത്തിരിക്കുകയാണ്. തൊഴിലാളികളെ ബസ്സിൽ വീട്ടിൽ വിടുകയെന്ന നയം അപ്രായോഗികമാണ്.

Read Also: ആലപ്പുഴ, തൃശൂർ ജില്ലകൾ ഗ്രീൻ സോണിലേക്ക് മാറ്റിയേക്കും; തീരുമാനം ഉടൻ

ബിജെപി മുന്നണി ഭരിക്കുന്ന ബീഹാറിൽ നിന്നും ഇതുപോലെ നിശിതവിമർശനം ഉയർന്നു. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ഈ അഭിപ്രായക്കാരാണ്. കേരളം ആവശ്യപ്പെട്ടത് നോൺ-സ്റ്റോപ്പ് ട്രെയിനുകൾ വേണമെന്നാണ്. ഇതിൽ ഭക്ഷണവും വൈദ്യസഹായവുമെല്ലാം ഉണ്ടാവണം.

എന്തുകൊണ്ട് കേന്ദ്രസർക്കാർ ട്രെയിൻ ഉപേക്ഷിച്ച് ബസിനെ തെരഞ്ഞെടുത്തു? ട്രെയിനാണെങ്കിൽ ചെലവ് കേന്ദ്രത്തിന്റെ തലയിൽ വരും അത്ര തന്നെ. ബസിനുള്ള ഏർപ്പാടുകൾ അയക്കുന്ന സംസ്ഥാനവും സ്വീകരിക്കുന്ന സംസ്ഥാനവും നേരിട്ട് ചർച്ച ചെയ്ത് തീരുമാനിച്ചുകൊള്ളണമെന്നാണ് കേന്ദ്രസർക്കാരിന്റെ ഇണ്ടാസ്.

ഇത്ര നിരുത്തരവാദപരമായ ഒരു തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് എങ്ങനെ കഴിഞ്ഞു? ഇന്ത്യയിൽ ഭരണഘടന പ്രകാരം അന്തർസംസ്ഥാന കുടിയേറ്റവും അന്തർദേശീയ കുടിയേറ്റവും കേന്ദ്രലിസ്റ്റിലാണ്. കേന്ദ്രസർക്കാരിന്റെ ചുമതലയാണ്. ഇത് സംസ്ഥാനങ്ങളുടെ ചുമതലയിൽകെട്ടി കൈ കഴുകാൻ പറ്റില്ല.

Read Also: ഇന്ന് മടങ്ങുന്നത് 3600 അതിഥി തൊഴിലാളികള്‍; യാത്രാച്ചെലവ് കേരളം വഹിക്കേണ്ടിവരും

ഏതായാലും വ്യാപകമായ പ്രതിഷേധത്തെതുടർന്ന് സത്ബുദ്ധി തെളിഞ്ഞു. ട്രെയിനുകൾ ലഭ്യമാക്കാൻ തീരുമാനിച്ചു. കേരളത്തിൽ നിന്നും ആദ്യത്തെ ട്രെയിൻ ഇന്നലെ പോയി. അതിഥി തൊഴിലാളികളെ കേരളം യാത്രയാക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ അഭിമാനം തോന്നി. എല്ലാ കരുതലോടുംകൂടിയാണ് അവരെ യാത്രയാക്കുന്നത്.

ഒന്ന്, ട്രെയിൻ ലഭ്യമാക്കിയാൽ പോരാ, അതിന്റെ ചെലവും കേന്ദ്രസർക്കാർ വഹിക്കണം. റെയിൽവേ മന്ത്രാലയം പറയുന്നത് സംസ്ഥാനം വഹിക്കണമെന്നാണ്.

രണ്ട്, ഭക്ഷണം, വൈദ്യസഹായം എന്നിവയുടേതടക്കമുള്ള ചെലവ് കേന്ദ്രം വഹിക്കണം.

മൂന്ന്, 7500 രൂപ വീതം ഓരോ തൊഴിലാളിക്കും ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ നൽകണം. മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ. ഇതുവരെ അവരോട് കാണിച്ച അവഗണനയ്ക്ക് ഒരു പ്രായശ്ചിത്തം ചെയ്യുന്നൂവെന്ന് കരുതിയാൽ മതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook