കേരളത്തിൽനിന്നും അതിഥി തൊഴിലാളികൾക്കായി ആദ്യ ട്രെയിൻ; സ്വദേശത്തേക്ക് മടങ്ങിയത് 1,000 ത്തിലധികം പേർ

അതിഥി തൊഴിലാളികളുമായുള്ള അടുത്ത ട്രെയിൻ തിരുവനന്തപുരത്തു നിന്നും ഇന്ന് പുറപ്പെടും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നും ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജാർഖണ്ഡിലേക്കാണ് ട്രെയിൻ പോവുക

കൊച്ചി: കേരളത്തിൽ നിന്നുള്ള അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാൻ നടപടികൾ തുടങ്ങി. അതിഥി തൊഴിലാളികളുമായി ആദ്യ ട്രെയിൻ ഇന്നലെ രാത്രി 11 മണിയോടെ കൊച്ചിയിൽ നിന്നു പുറപ്പെട്ടു. 1000 ത്തിലധികം പേരാണ് സംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രെയിനിൽ ഒഡീഷയിലേക്ക് മടങ്ങിയത്.

അതിഥി തൊഴിലാളികളുമായുള്ള അടുത്ത ട്രെയിൻ തിരുവനന്തപുരത്തു നിന്നും ഇന്ന് പുറപ്പെടും. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നും ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജാർഖണ്ഡിലേക്കാണ് ട്രെയിൻ പോവുക. 1,200 പേരെയാണ് ജാർഖണ്ഡിലെ ഹാതിയയിലേക്ക് അയയ്ക്കുന്നത്. ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതിഥി തൊഴിലാളികളെ അവരവരുടെ നാടുകളിലേക്ക് തിരിച്ചെത്തിക്കാൻ കേരളത്തിൽ നേരത്തെ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ഇന്നലെ ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് പുറപ്പെട്ട ട്രെയിനില്‍ യാത്ര ചെയ്തവരില്‍ ഭൂരിഭാഗവും ഒഡീഷയിലെ പിന്നാക്ക ജില്ലകളില്‍ നിന്നുളളവരാണ്. ജില്ല തിരിച്ചുളള ഏകദേശ കണക്ക് താഴെ വിവരിക്കുന്നു.

കണ്ടഹാമല്‍ (359 പേര്‍), കേന്ദ്രപാറ (274), ഗഞ്ചാം (130), ഭദ്രക് (92), കിയോഞ്ജിര്‍ഹാര്‍ (87), ജാജ്പൂര്‍ (40), ബാലസോര്‍ (20), റായഗഡ (18), പുരി (17), കട്ടക് (16), നായഗഢ് (10), ജഗത്സിംഗ്പൂര്‍ (8), ബൗദ്ധ് (6), ഖോര്‍ധ (5), മയൂര്‍ഭഞ്ജ്, കാലഘണ്ടി, നൗപാഡ (നാല് വീതം), നബരംഗ്പൂര്‍ (3), രംഗനാല്‍ (2).

രജിസ്‌ട്രേഷൻ നടത്തിയ ശേഷം മാത്രമേ അതിഥി തൊഴിലാളികളെ അവരവരുടെ നാടുകളിലേക്ക് കൊണ്ടുപോകാവൂ എന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നത്. അതേസമയം, ഇന്നലെ ആലുവയിൽനിന്നും ട്രെയിൻ പുറപ്പെടുന്നതറിഞ്ഞ് രജിസ്റ്റർ ചെയ്യാത്ത നിരവധി അതിഥി തൊഴിലാളികൾ എത്തിയിരുന്നു. ഇവരെ അധികൃതർ മടക്കി അയച്ചു.

migrant worker, ie malayalam
രജിസ്റ്റർ ചെയ്യാതെ എത്തിയ അതിഥി തൊഴിലാളികളെ മടക്കി അയയ്ക്കുന്നു. ഫൊട്ടോ: നിതിൻ ആർ.കെ

ഇതര സംസ്ഥാന തൊഴിലാളികളെയും വഹിച്ചു കൊണ്ടുളള ആദ്യ ട്രെയിൻ തെലങ്കാനയിൽനിന്നുമാണ് പുറപ്പെട്ടത്. വെളളിയാഴ്ച പുലർച്ചെ അഞ്ചിനാണ് തെലങ്കാനയിലെ ലിംഗപ്പളളിയിൽനിന്നും ജാർഖണ്ഡിലെ ഹാട്ടിയയിലേക്ക് ട്രെയിൻ പുറപ്പെട്ടത്. വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയവും റെയിൽവേ മന്ത്രാലയും തമ്മിൽ നടന്ന യോഗത്തിനുശേഷമായിരുന്നു ഈ നീക്കം. കൂടുതൽ ട്രെയിനുകൾ ഇത്തരത്തിൽ സർവീസ് നടത്താൻ നീക്കം നടക്കുന്നതായി വൃത്തങ്ങൾ പറയുന്നു. അതേസമയം, ഔദ്യോഗികമായി ഒരു സർവീസ് മാത്രമേ റെയിൽവേ ഇതുവരെ അറിയിച്ചിട്ടുളളൂ.

Read Also: സംസ്ഥാനത്ത് പൊതുഗതാഗതം തത്‌ക്കാലം പുനഃസ്ഥാപിക്കില്ല: ചീഫ് സെക്രട്ടറി

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇന്ത്യയിൽ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. രണ്ടാം ഘട്ട ലോക്ക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് മേയ് 17 വരെ നീട്ടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. രാജ്യത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

Also Read: ലോക്ക്ഡൗൺ നീട്ടി; മേയ് 17 വരെ കർശന നിയന്ത്രണങ്ങൾ തുടരും

”തെലങ്കാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരവും റെയിൽവേ മന്ത്രാലയത്തിൽനിന്നുളള നിർദേശ പ്രകാരവും ഇന്നു പുലർച്ചെ ലിംഗപ്പളളിയിൽനിന്നും ഹാട്ടിയയിലേക്ക് ഒരു സ്‌പെഷ്യൽ ട്രെയിൻ പുറപ്പെട്ടു. യാത്രക്കാർക്കെല്ലാം സ്ക്രീനിങ്, സ്റ്റേഷനിൽ സാമൂഹിക അകലം പാലിക്കുക അടക്കമുളള എല്ലാ മുൻകരുതലുകളും എടുത്തിരുന്നു,” റെയിൽവേ മന്ത്രാലയ വക്താവ് ആർ.ഡി.ബാജ്പായ് പറഞ്ഞു. ഒരു സ്‌പെഷൽ ട്രെയിൻ മാത്രമാണ് നിലവിൽ സർവീസ് നടത്തിയത്. യാത്ര പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന സംസ്ഥാനങ്ങളുടെ അഭ്യർത്ഥനയും റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരവും മാത്രമേ കൂടുതൽ സർവീസ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കൂ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Migrant workers return during lock down first train from kerala

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com