കൊച്ചി: ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ടിടിഇയ്ക്ക് അതിഥി തൊഴിലാളികളുടെ മര്‍ദനം. എറണാകുളം-ഹൗറ-അന്ത്യോദയ ട്രെയിനിലാണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശിയായ ബെസിക്കാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെസിയുടെ ഫോണും ടിക്കറ്റ് ചാര്‍ട്ടും ട്രെയിനിന് പുറത്തേക്ക് അതിഥി തൊഴിലാളികള്‍ വലിച്ചെറിഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ബംഗാളില്‍ നിന്നുള്ള രണ്ട് പേരെ റെയില്‍വേ പൊലീസ് തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനിഖുള്‍ ഷെയ്ക്, ഷൗക്കത്ത് അലി എന്നിവരാണ് പിടിയിലായിട്ടുള്ളത്. നിലവില്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്. പത്ത് പേരടങ്ങിയ സംഘമാണ് ടിടിഇയെ മര്‍ദിച്ചതെന്നാണ് വിവരം.
ആലുവയ്ക്കും തൃശൂരിനും മധ്യയുള്ള യാത്രയിലാണ് സംഭവം. അതിഥിതൊഴിലാളികളുടെ പക്കല്‍ ടിക്കറ്റ് ഇല്ലാതിരുന്നതിനാല്‍ പിഴ ഈടാക്കാന്‍ ടിടിഇ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ടിടിഇയോട് കയര്‍ത്ത് സംസാരിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലേക്ക് റെയില്‍വേ പൊലീസ് കടന്നതായാണ് വിവരം.
ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് ടിടിഇമാര്‍ പറയുന്നത്. പിഴ ഈടാക്കാനായി ഒരുങ്ങുമ്പോള്‍ ഇവര്‍ പ്രകോപിതരാകുന്നത് പതിവാണെന്നും ആരോപണമുണ്ട്.
Also Read: കോഴിക്കോട് ടിപ്പറും വാനും കൂട്ടിയിടിച്ച് മൂന്ന് മരണം; 11 പേര്‍ക്ക് പരുക്ക്