/indian-express-malayalam/media/media_files/uploads/2021/07/MIGRANT-WORKER-FROM-BIHAR-ATTACKED-IN-KERALA.jpg)
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എളേറ്റിൽ വട്ടോളിയിൽ ബിഹാർ സ്വദേശിയായ തൊഴിലാളിയെ മൊബൈൽ ഫോൺ മോഷ്ടാക്കൾ ബൈക്കിൽ കെട്ടിവലിച്ചു. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ബിഹാർ സ്വദേശിയായ അലി അക്ബറിന് നേർക്കാണ് ആക്രമണമമുണ്ടായത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. അലി അക്ബറിനെ കവർച്ചാ സംഘം അദ്ദേഹത്തെ റോഡിലൂടെ വലിച്ചിഴക്കന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവത്തിൽ പ്രതികളായ 18, 23 വയസുള്ള യുവാക്കളെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ ഫോണിൽ സംസാരിച്ചുകൊണ്ടു നിന്ന ബിഹാർ സ്വദേശിയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ഇദ്ദേഹത്തെ റോഡിലൂടെ വാഹനത്തിൽ വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
കവർച്ചാ സംഘം അലിയെ മീറ്ററുകളോളം ബൈക്കിൽ കെട്ടിവലിക്കുന്നതായി വീഡിയോ ദൃശ്യങ്ങളിൽ കാണാം. ബൈക്കിൽ രണ്ടു പേർ അലിയുടെ അടുത്തെത്തുകയും സംസാരിക്കാൻ ഫോൺ ആവശ്യപ്പെടുകയും ചെയ്തതായും തുടർന്ന് ഇവർ ഫോണുമായി രക്ഷപ്പെടാൻ ഒരുങ്ങവെ അലി ബൈക്കിന്റെ പിറകിൽ പിടിക്കുകയുമായിരുന്നെന്ന് പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്തു. ബൈക്കിൽ പിടിച്ചിരുന്ന അലിയെ വലിച്ചിഴച്ച് നൂറ് മീറ്ററോളം ദൂരം കവർച്ചക്കാർ ബൈക്ക് ഓടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Read More: പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന് തൃശൂർ മേയറുടെ പരാതി; പ്രതികരണവുമായി പൊലീസ് അസോസിയേഷൻ
പിന്നീട് അലി റോഡിലേക്ക് തെറിച്ചു വീഴുകയും ബൈക്കിന് പിറകെ ഓടുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ബൈക്കിന് പിറകിലുണ്ടായിരുന്നയാളും പിന്നീട് തെറിച്ചു വീണു. ഇയാളെ പിടികൂടാൻ ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും ഇയാളുടെ മൊബൈൽ ഫോൺ റോഡിലേക്ക് വീണിരുന്നു. ഈ ഫോൺ നാട്ടുകാർ പൊലീസിന് കൈമാറുകയും ചെയ്തു.
Read More: ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് വെട്ടിപ്പിൽ മൂന്നു പേർ അറസ്റ്റിൽ; ‘ജവാൻ’ ഉത്പാദനം നിർത്തി
സംഭവത്തിൽ കാക്കൂർ രാമല്ലൂർ സ്വദേശികളാണ് അറസ്റ്റലിയാത്. വലിച്ചിഴക്കവെ പരിക്കേറ്റ അലിയെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.