മലപ്പുറം: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം. ചട്ടിപ്പറമ്പിലാണ് നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി നൂറോളം അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. അനധികൃതമായി സംഘം ചേര്‍ന്നതിന് നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തു. താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടില്ലെന്നും എന്നാൽ തങ്ങൾക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുക്കണമെന്നും അതിഥി തൊഴിലാളികള്‍ പറഞ്ഞു.

Read More: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങാന്‍ അനുമതി; നിബന്ധനകള്‍ ഇവയാണ്

അതേസമയം, ലോക്ക്ഡൗണ്‍ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, വിനോദ സഞ്ചാരികള്‍, തീര്‍ത്ഥാടകര്‍ എന്നിവർക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കി. ഇത് സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

സംഘമായി മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. കൂടാതെ, യാത്ര തുടങ്ങും മുമ്പ് കോവിഡ് പരിശോധന നടത്തും. ഇവര്‍ ഇപ്പോള്‍ തങ്ങുന്ന സംസ്ഥാനങ്ങളും സ്വന്തം സംസ്ഥാനവും തമ്മിലുണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാകും ഇവരുടെ യാത്ര.

കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ നോര്‍ക്ക മുഖാന്തരം ആരംഭിച്ചിട്ടുണ്ട്. നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വെബ്‌സൈറ്റില്‍ ഇടതു വശത്ത് വിദേശ മലയാളികള്‍ക്കും വലതു വശത്ത് ഇതര സംസ്ഥാനത്തുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്.

പേര്, ജനന തീയതി, ആധാര്‍ അല്ലെങ്കില്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ, ഇപ്പോള്‍ ഉള്ള സ്ഥലത്തിന്റേയും കേരളത്തില്‍ എത്തിച്ചേരേണ്ട സ്ഥലത്തിന്റേയും വിശദാംശങ്ങള്‍, മടങ്ങി വരുന്നതിനുള്ള കാരണം, വരാന്‍ ഉദ്ദേശിക്കുന്ന തീയതി, യാത്രക്കായി വാഹനം ഉപയോഗിക്കുന്നവര്‍ വാഹന നമ്പര്‍ എന്നീ വിവരങ്ങള്‍ രജിസ്ട്രേഷനോടുനുബന്ധിച്ച് നല്‍കണം.

മറ്റ് സംസ്ഥാനങ്ങളില്‍ ചികിത്സയ്ക്ക് പോയവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ , തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ക്ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, റിട്ടയര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കും. മടങ്ങി വരുന്നവര്‍ക്ക് ക്വാറന്റൈൻ ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കുന്നതിനാണ് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.