പാലക്കാട്: മൈക്രോഫിനാൻസ് പണമിടപാടിലൂടെ വന്ന കടക്കെണിയിൽ പെട്ട് പാലക്കാട് അടുത്തടുത്ത് താമസിക്കുന്ന ആറ് പേർ ആത്മഹത്യ ചെയ്തതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആത്മഹത്യ ചെയ്ത ആറ് പേർക്കും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ വലിയ ബാധ്യതയുളളതായാണ് റിപ്പോർട്ട്.

വെമ്പല്ലൂർ അരിയക്കോട് സ്വദേശിനിയായ വീട്ടമ്മ തന്റെ രണ്ട് മക്കൾക്കൊപ്പം ഡിസംബറിൽ കുളത്തിൽ ചാടി മരിച്ച സംഭവവും, മഞ്ഞളളൂർ നെല്ലിക്കൽക്കാട്ട് മറ്റൊരു വീട്ടമ്മ ജനുവരിയിൽ തൂങ്ങിമരിച്ച സംഭവവും മൈക്രോ ഫിനാൻസ് ബാധ്യത മൂലമാണെന്നാണ് റിപ്പോർട്ട്. മൈക്രോ ഫിനാൻസുകാർ വീടിന് രാത്രി വൈകിയും കാവലിരുന്നതിനെ തുടർന്നാണ് കൃഷ്ണൻ കുട്ടി എന്നയാൾ ആത്മഹത്യ ചെയ്തതെന്നും, ഭാര്യയുടെ പേരിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് എടുത്ത ലോണും അയൽവാസികളായ സ്ത്രീകളുടെ പേരിൽ എടുത്ത മറ്റ് ലോണുകളും തിരിച്ചടക്കാൻ വഴിമുട്ടിയാണ് നെല്ലിക്കൽക്കാട് ചന്ദ്രൻ ആത്മഹത്യ ചെയ്തതെന്നുമാണ് റിപ്പോർട്ട്.

ഈ പ്രദേശത്ത് എല്ലാവരും മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് വായ്‌പയെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. പത്തുപേരുള്ള സ്ത്രീകളുടെ സംഘത്തിനാണ് വായ്‌പ നൽകുന്നത്. ഒരു ലക്ഷം രൂപയുടെ വായ്‌പ ആദ്യം നൽകും. ഇത് പത്ത് പേർക്കുമായി വീതിക്കും. ഇതിന്റെ 80 ശതമാനം തിരിച്ചടച്ചാൽ വീണ്ടും ഇതേ സംഘത്തിന് രണ്ട് ലക്ഷം കൂടി നൽകും.

തുടക്കത്തിൽ ചെറിയ ബാധ്യതയായതിനാൽ ഇതെടുക്കുന്ന സ്ത്രീകൾ പതിയെ പതിയെ വൻ കടക്കെണിയിൽ അകപ്പെടുകയാണെന്നാണ് റിപ്പോർട്ട്. അതേസമയം മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസിനെ സമീപിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.