കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജി വർഗ്ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് അന്വേഷണവും ആത്മഹത്യയിലേക്ക്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ, എറണാകുളം നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവയാണ് നിർണായക വിവരങ്ങൾ നൽകിയത്. മരിക്കുന്നതിന് മുൻപ് ക്രോണിനുമായി നടത്തിയ സംഭാഷണത്തിൽ “തിങ്കളാഴ്ച നീ അറിയും” എന്ന ഭീഷണി സന്ദേശം മിഷേൽ അയച്ചിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി.
ആത്മഹത്യ ചെയ്യാൻ പെൺകുട്ടി നേരത്തേ തീരുമാനിച്ചിരുന്നതായാണ് ഇതിൽ നിന്ന് അന്വേഷണ സംഘം അനുമാനിക്കുന്നത്. അതേസമയം മാർച്ച് നാല്, അഞ്ച് തീയ്യതികളിൽ മാതാപിതാക്കളോട് നിരന്തരം കാണണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടത് ക്രോണിനുമായുള്ള പ്രണയ ബന്ധത്തിലെ അസ്വാരസ്യങ്ങൾ പങ്കുവയ്ക്കാനായിരുന്നുവെന്ന നിഗമനവും അന്വേഷണ സംഘത്തിൽ നിന്ന് ലഭിച്ചു.
അതേസമയം കേസിൽ പെൺകുട്ടിയുടെ സുഹൃത്തുക്കൾ നൽകുന്ന മൊഴി ആത്മഹത്യ സാധ്യത തള്ളിക്കളയുന്നു. കാണാതാവുന്ന ദിവസം രാവിലെ സംസാരിച്ചപ്പോഴും വളരെ സന്തോഷത്തോടെയാണ് സംസാരിച്ചതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ക്രോണിൻ മർദ്ദിച്ചതായും ക്രൂരമായി പെരുമാറിയതായും സുഹൃത്തുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു സന്ദർഭത്തിൽ ആത്മഹത്യ ചെയ്യാതിരുന്ന പെൺകുട്ടി പിന്നീട് ആ കൃത്യത്തിന് മുതിരുമോയെന്നതാണ് പൊലീസിന്റെ സംശയം.
ആത്മഹത്യ ചെയ്യാൻ തിരഞ്ഞെടുത്ത സ്ഥലം, സമയം തുടങ്ങിയവയും പൊലീസിന് കടുത്ത സംശയം ഉണ്ട്. കാണാതായ ദിവസം പകൽ ക്രോണിനുമായി ബന്ധപ്പെട്ട് മിഷേലിനെ മാനസികമായി തളർത്തിയ എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. അതേസമയം മിഷേലിന്റേത് ആത്മഹത്യയാണെന്ന് തെളിഞ്ഞാൽ പൊലീസിന് ഈ കേസിൽ മുഖം രക്ഷിക്കാനാവും.