കൊച്ചി​: സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണത്തിൽ ബന്ധുവായ ക്രോണിൻ അലക്സാണ്ടർ ബേബിക്ക് എതിരെ പൊലീസ് ആത്മഹത്യപ്രേരണക്കുറ്റത്തിന് കേസെടുത്തു. പോലീസ്​ കസ്റ്റഡിയിൽ ഉള്ള ക്രോണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മിഷേലുമായി ക്രോണിൻ അടുപ്പത്തിലായിരുന്നു എന്നും ബന്ധം ഉപേക്ഷിച്ചതിന് ശേഷം ക്രോണിൻ മിഷേലിനെ നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പൊലീസ്  പറയുന്നു. ക്രോണിന്റെ നിരന്തരം സമ്മർദ്ദംമൂലമാണ് മിഷേൽ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, മിഷേലിന്റെ മരണത്തെക്കുറിച്ച് എഡിജിപി നിതിൻ അഗർവാൾ അന്വേഷിക്കും. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ നിയമിച്ച് ഡിജിപി ഉത്തരവിറക്കി.

പൊലീസ് പറയുന്നത് ഇങ്ങനെ –

പിറവം സ്വദേശിനിയായ മിഷേൽ ഷാജിയും , ബന്ധുവായ ക്രോണിൻ അലക്സാണ്ടറും തമ്മിൽ മൂന്ന് വർഷത്തോളം നീണ്ട പ്രണയ ബന്ധം ഉണ്ടായിരുന്നു. 2015 ഏപ്രിലിൽ ഇവർ തമ്മിൽ പിണങ്ങി , ക്രോണിന് മറ്റ് പെൺകുട്ടികളുമായി അടുപ്പമുണ്ട് എന്ന് അറിഞ്ഞ മിഷേൽ ബന്ധത്തിൽ നിന്ന് പിരിയാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രണയ ബന്ധം തുടരണമെന്ന് ക്രോണിൻ​ ആവശ്യപ്പെട്ടു. വഴങ്ങാതിരുന്ന മിഷേലിനെ ക്രോണിൻ നിരന്തരം ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു.

മിഷേലിനെക്കാണാനായി ഇയാൾ കഴിഞ്ഞ മാസം കാണാനായി ജോലി സ്ഥലത്തു നിന്നും എത്തിയിരുന്നു. കലൂർ സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്ത് വച്ച് ക്രോണിൻ മിഷേലിനെ മർദ്ദിച്ചുവെന്നും , ഇത് മിഷേൽ കൂട്ടുകാരികളോട് പറഞ്ഞിരുന്നു. എന്നാൽ ഇതിന് ശേഷം ക്രോണിൻ റായ് പൂരിലേയ്ക്ക് പോയി. റായ് പൂരിൽ സ്വകാര്യ കമ്പനിയിൽ അസിസ്റ്റൻഡ് മാനേജർ തസ്തികയിൽ ജോലി ചെയ്തു വരികയാണ് ക്രോണിൻ. എന്നാൽ മിഷേലിനെതിരെ  ഫോണിലൂടെയുള്ള ഭീഷണി തുടർന്ന് കൊണ്ടിരുന്നു.

പെൺകുട്ടിയെ കാണാതാകുന്നതിന് തലേ ദിവസം മൂന്ന് തവണ ക്രോണിൻ മിഷേലുമായി സംസാരിച്ചു, 57 തവണ മെസ്സേജും അയച്ചു. എല്ലാം ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളാണ് എന്നാണ് പൊലീസ് പറയുന്നത്. അന്ന് വൈകിട്ട് 3.30 നാണ് ക്രോണിൻ അവസാനമായി മിഷേലിനെ വിളിക്കുന്നത്. പിന്നീട് കലൂർ പള്ളിയിൽ വന്നു, അമ്മയുമായി ഫോണിൽ സംസാരിച്ചു. പിന്നീട് മിഷേലിനെ ഫോണിൽ കിട്ടാതെ വന്നു.

മിഷേൽ ഹോസ്റ്റലിൽ തിരിച്ചെത്താതതോടെ ഹോസ്റ്റൽ അധികൃതർ രക്ഷിതാക്കളെ വിവരം അറയിച്ചു. 12 മണിയോടെ രക്ഷിതാക്കൾ പൊലീസ്​ സ്റ്റേഷനിൽ എത്തി. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞതോടെ പുലർച്ചെ 2.18 ഓടെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വയർലസ് സന്ദേശം അയച്ചു. രക്ഷിതാക്കൾ സ്റ്റേഷനിൽ നിന്ന് മടങ്ങി. രാവിലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മിഷേൽ പോകാൻ സാധ്യതയുള്ള സ്ഥലത്തേക്ക് രക്ഷിതാക്കളുമായി പൊലീസ് പൊയി. വൈകിട്ട് 4 മണിയോടെ രക്ഷിതാക്കളുമായി പൊലീസ് തിരിച്ചെത്തി. വൈകിട്ട് 5 മണിക്ക് ഹാർബർ പൊലീസ് മിഷേലിന്റെ മൃതദേഹം വെല്ലിങ്ങ്ടൺ ഐലൻഡിന്റെ വാർഫിൽ നിന്നും കണ്ടെത്തി.കാലിനും കൈമുട്ടിനും മുറിവേറ്റ നിലയിലായിരുന്നു മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് വീഴ്ചയിൽ​ പറ്റിയത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ഇതാണ് പൊലീസ് ഭാഷ്യമെങ്കിലും തങ്ങളുടെ മകൾക്ക് പ്രണയ ബന്ധം ഇല്ല എന്ന നിലപാടിലാണ് രക്ഷിതാക്കൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ